
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭമുണ്ടാക്കാവുന്ന ഒന്നാണ് ഇലവാഴ കൃഷി. അധികം ആരും ചെയ്യാത്ത കൃഷിയായതിനാലും വിപണിയിൽ കിടമത്സരം ഉണ്ടാകില്ല എന്നതിനാലും ലാഭം ഉറപ്പ്. ഇലവാഴ കൃഷി ചെയ്യുന്നതിന് ഒരു പ്രത്യേകതരം വാഴയോ, കൃഷി രീതിയോ അവലംബിക്കേണ്ട ആവശ്യമില്ല. ഇല മുറിക്കുന്നതിന് സൗകര്യപ്രദമായ തരത്തിൽ അധികം ഉയരം വയ്ക്കാത്ത വാഴയും എളുപ്പത്തിൽ കീറിപോകാത്ത കട്ടികുറഞ്ഞ, വീതിയും മയമുള്ളതുമായ ഇലകൾ ഉള്ള എതിനം വാഴയും തിരഞ്ഞെടുക്കാം.
ഞാലിപ്പൂവൻ, പാളയംകോടൻ വാഴകൾ ആണ് സാധാരണയായി ഇലവാഴ കൃഷിക്ക് ഉപയോഗിക്കാറുള്ളത്. കീടബാധ അധികം ഇല്ലാത്ത വാഴയായാൽ നന്ന്. വാഴകൾക്ക് അതാതു സമയങ്ങളിൽ ആവശ്യത്തിന് ജലസേചനവും വളപ്രയോഗവും നടത്തണം. നാലോ അഞ്ചോ മാസം മൂപ്പെത്തിയാൽ വാഴകളുടെ ഇലകൾ മുറിക്കാൻ തുടങ്ങാം.വളർച്ചയെത്തിയ വാഴയുടെ ഇല ഇല ഒരിക്കൽ മുറിച്ചാൽ ശരാശരി ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാൻ. ഒരു വർഷത്തിൽ ഒരു വാഴയിൽ നിന്ന് 20 മുതൽ 25 എണ്ണം വരെ ഇലകൾ മുറിക്കാവുന്നതാണ്.
നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയിൽ 450 500 രൂപ വരെ ലഭിക്കും. ആയിരം വാഴ നട്ടാൽ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടോ മൂന്നോ കെട്ട് ഇലകൾ മുറിക്കാം. ഒരു ഇലയ്ക്ക് 5 രൂപവരെ ലഭിക്കും കല്യാണ സീസൺ ആയാൽ വിലയും കൂടും.