
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയെ മുട്ടാളനായും വഴക്കാളിയായും മുദ്രകുത്തി ഓസ്‌ട്രേലിയൻ മാദ്ധ്യമം. ഓസ്‌ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകയോട് തട്ടിക്കയറിയതിന് പിന്നാലെയാണ് ഇന്ത്യൻ സൂപ്പർതാരത്തിനെതിരെ വിദേശമാദ്ധ്യമം രംഗത്തെത്തിയിരിക്കുന്നത്. ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം. അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതായിരുന്നു കൊഹ്‌ലിയെ ചൊടിപ്പിച്ചത്.
സെലിബ്രിറ്റികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് ഓസ്‌ട്രേലിയയിൽ വിലക്കില്ല. ഓസ്‌ട്രേലിയൻ മാദ്ധ്യമമായ ചാനൽ 9 ന്യൂസിന്റെ സ്‌പോർട്ട്‌സ് റിപ്പോർട്ടറായ നാറ്റ് യോന്നിഡിസിനോടാണ് വിമാനത്താവളത്തിൽ കൊഹ്‌ലി ചൂടായത്.
വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ താരം സ്‌കോട്ട് ബോളൻഡിന്റെ അഭിമുഖം എടുക്കുകയായിരുന്നു ചില മാദ്ധ്യമങ്ങൾ. ഇതിനിടെ കൊഹ്‌ലിയും കുടുംബവും വിമാനത്താവളത്തിൽ എത്തി.
തുടർന്ന് ബോളൻഡിൽ നിന്ന് മാദ്ധ്യമശ്രദ്ധ കൊഹ്‌ലിയിലേക്കായി. മാദ്ധ്യമങ്ങൾ ചിത്രങ്ങൾ പകർത്തുന്നത് കണ്ടതോടെ കൊഹ്‌ലി ചൂടാവുകയായിരുന്നു. 'എന്റെ കുട്ടികൾ കൂടെയുള്ളപ്പോൾ എനിക്കൽപ്പം സ്വകാര്യത ആവശ്യമാണ്. എന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാവില്ല'- എന്ന് കൊഹ്‌ലി മാദ്ധ്യമങ്ങളോട് പറയുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൈറലായിരുന്നു. ഇതിനിടെയാണ് കൊഹ്‌ലിക്കെതിരെ 9 ന്യൂസ് സ്‌പോർട്ട്സ് ജേണലിസ്റ്റായ ജോൺസ് രംഗത്തെത്തിയിരിക്കുന്നത്.
'നാറ്റ് അവിടെ ക്യാമറാമാനൊപ്പമാണ് ഉണ്ടായിരുന്നത്. ചാനൽ 7ന്റെ റിപ്പോർട്ടറും ക്യാമറാമാനൊപ്പം അവിടെ ഉണ്ടായിരുന്നു. നമ്മൾ ദിവസേന ചെയ്യുന്ന കാര്യമാണ് അവർ അവിടെ ചെയ്തുകൊണ്ടിരുന്നത്. രാഷ്ട്രീക്കാരായാലും മറ്റ് സ്‌പോർട്ട‌്‌സ് താരങ്ങളായാലും എയർപോർട്ടിൽ ചിത്രങ്ങളെടുക്കുന്നത് ഒരുപോലെയാണ്. അയാൾ വിരാട് കൊഹ്‌ലി ആയതിനാലാണ് ക്യാമറകൾ അയാളെ ഫോക്കസ് ചെയ്തത്. എന്നാൽ അതിൽ അയാൾക്ക് അമർഷമായി.
നിങ്ങളൊരു ബാറ്റിംഗ് സൂപ്പർ സ്റ്റാറാണ്. ക്രിക്കറ്റ് ലോകത്തിൽ നിങ്ങളൊരു ആഗോള സൂപ്പർ സ്റ്റാറാണ്. എന്നിട്ടും അയാളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിൽ അയാൾക്ക് അമർഷമുണ്ടായി. രണ്ട് ക്യാമറാമാനും ഒരു റിപ്പോർട്ടറും അവിടെ ഉണ്ടായിരുന്നിട്ടും കൊഹ്‌ലി ചൂടായത് വനിതാ റിപ്പോർട്ടറോടാണ്. എന്നിട്ട് അഞ്ചടിയിലധികം മാത്രം പൊക്കമുള്ള അവൾക്ക് മുന്നിൽക്കയറി നിന്ന് വിരാട് ശകാരിക്കുകയാണ് ചെയ്തത്. നിങ്ങൾ അവളെ തരംതാഴ്‌ത്തി, നിങ്ങൾ വെറുമൊരു വഴക്കാളിയും മുട്ടാളനുമാണ് വിരാട്- എന്നാണ് ജോൺസ് വിമർശിച്ചത്.