
നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം നടന്നത്. ഹിന്ദിക്കാരിയായ മൻസി സൊങ്കാർ ആണ് വധു.
ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തിരുന്നു. ക്ഷണിച്ചവരെല്ലാം ചടങ്ങിൽ പങ്കെടുത്തതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് രാജേഷ് ഹെബ്ബാർ പ്രതികരിച്ചു. വിവാഹ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു.
'കർണാടകക്കാരായ ഞങ്ങൾ കേരളത്തിൽ സ്ഥിര താമസമാക്കിയവരാണ്. വീട്ടിൽ തുളുവാണ് സംസാരിക്കുന്നത്. മലയാളവും നന്നായി സംസാരിക്കാനറിയാം. ഇപ്പോൾ മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങൾ മാത്രമല്ല, രണ്ട് സംസ്‌കാരങ്ങളാണ് ഇവിടെ കൂടിച്ചേർന്നത്. ഹിന്ദിക്കാരിയെയാണ് മകൻ ജീവിതസഖിയാക്കിയത്. മരുമകൾ ഹിന്ദിയാണ് സംസാരിക്കുന്നത്.
ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. മകൻ താലികെട്ടിന്റെ സമയത്ത് വികാരാധീനനായി. അത് സന്തോഷം കൊണ്ടാണ്. കാരണം അവൻ തിരഞ്ഞെടുത്തയാളെത്തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹം എന്ന് പറയുന്നതുതന്നെ ആഘോഷമാണല്ലോ, ചെറിയൊരു കാര്യമുണ്ടായാൽപ്പോലും അത് നന്നായി ആഘോഷിക്കുന്നവരാണ് ഞങ്ങൾ. ചെണ്ടമേളം കേട്ടാൽ തുള്ളിപ്പോകാത്തവരുണ്ടോ. ഇവിടെയും അതാണ് നടന്നത്. എല്ലാവരും ഡാൻസ് ചെയ്തു. ഇത്തരത്തിലൊരു വിവാഹത്തിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നാണ് അതിഥികളെല്ലാം പറഞ്ഞത്.'-'- നടൻ വ്യക്തമാക്കി.