bathroom

സ്വീകരണമുറിയും കിടപ്പുമുറിയുമൊക്കെ വൃത്തിയായി സൂക്ഷിക്കുന്ന പലരും ബാത്ത്‌റൂം വേണ്ടരീതിയിൽ വൃത്തിയാക്കാറില്ല. ആഴ്ചയിലൊരിക്കലോ മറ്റോ അയിരിക്കും മിക്കവരും ബാത്ത്റൂം കഴുകുക. വൃത്തിയായി സൂക്ഷിക്കാത്തതിനാൽത്തന്നെ തറയിലെ ടൈലുകളിൽ കറ പിടിക്കാനും സാദ്ധ്യതയുണ്ട്.

പലപ്പോഴും ബ്രഷ് കൊണ്ട് തേച്ചുരച്ച് കഴുകിയാൽപ്പോലും ഇത്തരം കറകൾ മാറണമെന്നില്ല. മാർക്കറ്റിൽ ബാത്ത്റൂം ക്ലീൻ ചെയ്യാനുള്ള ലിക്വിഡും മറ്റും മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ നയാപൈസ മുടക്കാതെ, ബാത്ത്‌റൂമിലെ കറകളെ അകറ്റാനുള്ള സാധനം നമ്മുടെ വീട്ടിലും തൊടിയിലുമൊക്കെ ഉണ്ടെങ്കിൽ അതല്ലേ ഏറ്റവും നല്ലത്.


അത്തരത്തിൽ മിക്കവരുടെയും വീട്ടുപറമ്പിൽ കാണുന്ന സാധനമാണ് ഇരുമ്പൻ പുളി. ചിലയിടങ്ങളിൽ ഇലുമ്പി എന്നൊക്കെ അറിയപ്പെടുന്ന ഇവ അച്ചാറിടാനും മീൻ കറിയിൽ ഇടാനൊക്കെയായിട്ടാണ് പലരും ഉപയോഗിക്കുക. ഇവ ഉപയോഗിച്ച് ബാത്ത്റൂമിലെ കറകളെ അകറ്റാൻ കഴിയുമെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്.

ഇരുമ്പൻ പുളി പറിച്ചെടുത്ത് (ഒരുപാട് കറയുണ്ടെങ്കിൽ അതിനനുസരിച്ചുള്ള എണ്ണമെടുക്കണം) മിക്സിയിലിട്ട് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ശേഷം കറയുടെ മുകളിൽ തേച്ചുകൊടുക്കാം. പത്തോ പതിനഞ്ചോ മിനിട്ടിന് ശേഷം സോപ്പുപൊടി അല്ലെങ്കിൽ സോപ്പ് ഇടുക. എന്നിട്ട് ഇരുമ്പൻ പുളിയുടെ മുകളിലിട്ട് നന്നായി തേച്ചുകൊടുക്കാം. ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. കറ അപ്രത്യക്ഷമാകും. ഈ രീതി അല്ലാതെ ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ബാത്ത്റൂം കഴുകിയാൽ അണുക്കളെ അകറ്റാൻ സാധിക്കും. കൂടാതെ ബാത്ത്‌റൂമിലെ ദുർഗന്ധവും അകറ്റാം.