accident-death

ഭോപ്പാൽ: വാഹനാപകടത്തിൽ മരണപ്പെട്ട ഭർത്താവിന്റെ ബീജം സംരക്ഷിക്കണമെന്ന ആവശ്യവുമായി യുവതി. മദ്ധ്യപ്രദേശ് രേവയിൽ നിന്നുള്ള യുവതിയാണ് അസാധാരണ ആവശ്യവുമായി പൊലീസിനെയും മദ്ധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയെയും സമീപിച്ചത്. യുവതിയുടെ ഭർത്താവ് ജിതേന്ദ്ര സിംഗ് ഗെഹർവാർ കഴിഞ്ഞദിവസമാണ് റോഡപകടത്തിൽ മരണപ്പെട്ടത്. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

പൊലീസ് നടപടികൾക്ക് ശേഷം ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് അസാധാരണ സംഭവവികാസങ്ങൾ ഉണ്ടായത്. പോസ്റ്റുമോർട്ടം ആദ്യം എതിർത്ത യുവതി പിന്നീട് ഭർത്താവിന്റെ ബീജം സൂക്ഷിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തുകയായിരുന്നു. ജിതേന്ദ്രയിൽ നിന്ന് തനിക്ക് കുഞ്ഞിനെ വേണമെന്നും അതിലൂടെ അപ്രതീക്ഷിതമായി വിടവാങ്ങിയ ഭർത്താവിന്റെ ഓർമകൾ എക്കാലവും സൂക്ഷിക്കാനാകുമെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ യുവാവ് മരണപ്പെട്ട് 24 മണിക്കൂർ പിന്നിട്ടതിനാൽ ബീജം ശേഖരിച്ച് സൂക്ഷിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

'ഒരു വ്യക്തി മരണപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ബീജം ശേഖരിച്ച് സൂക്ഷിക്കണം. ഈ സമയം പിന്നിട്ടാൽ ബീജം സംരക്ഷിക്കുന്നത് അസാദ്ധ്യമാകും. കൂടാതെ അത്തരം നടപടിക്രമങ്ങൾ ചെയ്യാനുള്ള സൗകര്യം ഇവിടെയില്ല'- സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രാജ്‌നീഷ് കുമാർ പാണ്ഡെ വ്യക്തമാക്കി.

ഭർത്താവിന്റെ ബീജം സംരക്ഷിക്കാനാവില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ വലിയ സംഘർഷമുണ്ടാക്കി. തുടർന്ന് ‌ഡോക്‌ടർമാരും പൊലീസും ചേർന്നാണ് യുവതിയെ സമാധാനിപ്പിച്ചത്. ശേഷം ഭർത്താവിന്റെ പോസ്റ്റുമോർട്ടത്തിന് യുവതി സമ്മതം നൽകുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിനുശേഷം ജിതേന്ദ്രയുടെ മൃതദേഹം അന്തിമകർമ്മങ്ങൾക്കായി കുടുംബത്തിന് കൈമാറി.