rafeeq

കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തിരഞ്ഞെടുത്തു. നിലവിൽ ഡി വൈ എഫ് ഐയുടെ വയനാട് ജില്ലാ സെക്രട്ടരിയാണ് റഫീഖ്. ഇരുപത്തിയേഴ് പേരാണ് പുതിയ ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.

മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിനെ വീണ്ടും ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന നിർദേശമുയർന്നിരുന്നെങ്കിലും ഭൂരിപക്ഷം ജില്ലാ കമ്മിറ്റി അംഗങ്ങളും നിർദേശം തള്ളി. പി ഗഗാറിൻ പിന്മാറിയതോടെ മത്സരം ഒഴിവാകുകയും കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്‌തെന്നാണ് അറിയുന്നത്.


അതേസമയം, റഫീഖിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പതിനൊന്നിനെതിരെ പതിനേഴ് വോട്ടുകൾക്ക് റഫീഖ് തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു വിവരം. എന്നാൽ സി പി എം ജില്ലാ നേതൃത്വം ഇക്കാര്യം തള്ളി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു രീതിയിലുള്ള മത്സരവും നടന്നിട്ടില്ലെന്നും എല്ലാവരും ഒത്തുചേർന്നാണ് റഫീഖിനെ തിരഞ്ഞെടുത്തതെന്നും മുൻ ജില്ലാ സെക്രട്ടറി ഗഗാറിൻ പ്രതികരിച്ചു.

തന്റെയുൾപ്പടെ അഭിപ്രായത്തിന്റെ ഭാഗമായാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും യുവാക്കളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ചിന്തിക്കുന്ന കാലഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്. പി ഗഗാറിൻ ഒരു ടേം കൂടി തുടരുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.