
കൊച്ചി: നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് പൊലീസ് നടപടി. ഇതിനൊപ്പം ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്‌ത കേസിലും പൊലീസ് കുറ്റപത്രം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം (എസ്‌ഐടി) ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുകേഷിനെ കൂടാതെ മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെയാണ് ആലുവ സ്വദേശിനി പീഡന പരാതി നൽകിയത്. 2009ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വർഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറിയെന്നാണ് മറ്റൊരു യുവതി നൽകിയ പരാതി. 'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മുകേഷ് കയറിപ്പിടിച്ചുവെന്ന് നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.