a

 പഞ്ചാബ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികൾ

ലഖ്നൗ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബിലെ ഗുരുദാസ്പുർ പൊലീസ് സ്റ്റേഷനിലുൾപ്പെടെ ഗ്രനേഡ് ആക്രമണം നടത്തിയ ഗുർവീന്ദർ സിംഗ് (25), വീരേന്ദർ സിംഗ് (23), ജസ്പ്രീത് സിംഗ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ അംഗങ്ങളാണിവർ. ഉത്തർപ്രദേശ് - പഞ്ചാബ് പൊലീസിന്റെ സംയുക്ത ഓപ്പറേഷനായിരുന്നു. മൂവരും​ ഗുരുദാസ്പുർ സ്വദേശികളാണ്. ഇവരിൽ നിന്ന് രണ്ട് എ.കെ 47 റൈഫിളും കൈത്തോക്കുകളുമുൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.

ആക്രമണ ശേഷം 750 കിലോമീറ്റർ അകലെ പിലിഭിത്തിലേക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ വെളുപ്പിന് ഇവരെ വളഞ്ഞ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വെടിയുതിർത്തു. പൊലീസ് തിരിച്ച് വെടിവച്ചു. പരസ്പര ആക്രമണം രണ്ടു മണിക്കൂറോളം നീണ്ടു. മാരകമായി പരിക്കേറ്റ മൂവരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്.

പാക് സ്പോൺസേർഡ്

ആക്രമണം

 ഖാലിസ്ഥാൻ ഭീകരർക്ക് ആയുധവും പരിശീലനവും നൽകുന്നത് പ്രധാനമായും പാകിസ്ഥാനാണ്

 പഞ്ചാബിലെ പാക് അതിർത്തി ജില്ലകളായ പത്താൻകോട്ടും ഗുരുദാസ്പുരിലുമാണ് ഒളിത്താവളങ്ങൾ

 കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പഞ്ചാബിലെ മൂന്ന് പൊലീസ്റ്റേഷനുകളിലാണ് ഗ്രനേഡ് ആക്രമണം നടത്തിയത്

 ഗുരുദാസ്പുരിലെ രണ്ടും അമൃത്സറിലെ ഒരു സ്റ്റേഷനും നേർക്കായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റില്ല

'ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിനെ വേരോടെ പിഴാനാണ് ശ്രമം. ഇവരുടെ ഒളിത്താവളങ്ങൾ പലതും കണ്ടെത്തിയിട്ടുണ്ട്. '

- ഗൗരവ് യാദവ്,

പഞ്ചാബ് ഡി.ജി.പി