swami-sandranandha

അറിവിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. ഈ ഭൂമിയിൽ വെറുതെ ജനിച്ച് മരിച്ചു പോയതുകൊണ്ട് യാതൊരർത്ഥവുമില്ലെന്നും മനുഷ്യജന്മത്തിന്റെ അപൂർവ്വത മനസ്സിലാക്കി വേണം നാം ജീവിക്കേണ്ടത് എന്നും തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളിലൂടെ ഗുരുദേവൻ ഓർമ്മിപ്പിക്കുന്നു. വിശ്വപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ സകല അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതിവ്യവസ്ഥയുടെയും മറ്റും ആധാരശിലയെ ഇളക്കിമാറ്റി പകരം ജ്ഞാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ആധാരശിലയെ പ്രതിഷ്ഠിച്ചുകൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ ഗുരുദേവൻ മാലോകരോട് ആഹ്വാനം ചെയ്തു.

അരുവിപ്പുറത്ത് ഗുരു നടത്തിയ നിശബ്ദവിപ്ലവം ആർക്കും ഒരുവിധത്തിലും എതിർക്കുവാൻ സാധിക്കാത്ത തരത്തിലുള്ളതായിരുന്നു. എന്തെന്നാൽ അത് ശ്രുതിയുക്തി അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ചൈതന്യപ്രവാഹമായിരുന്നു.

തമ്മിൽ തമ്മിൽ പിച്ചിച്ചീന്താനല്ല, മറിച്ച് അവനവന്റെ ഉള്ളിലെ ഇരുട്ടിനെ പിച്ചിച്ചീന്തി പുറത്തെറിയാനുള്ള ഒരാർജ്ജവം നേടി തിരിച്ചുപോകുവാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. എങ്കിൽ മാത്രമേ ജീവിതം കൃതകൃത്യമാകൂ. സമൂഹത്തിൽ ഭൂരിഭാഗം പേരും ഈശ്വരവിശ്വാസികളായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ ഓരോനിമിഷവും അസ്വസ്ഥത ഉടലെടുക്കുന്നു. ഈശ്വരഭക്തന്മാരെന്ന് അഭിമാനിക്കുന്നവർ മനസ്സിന്റെ ശുദ്ധിക്കല്ല പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് അവന്റെ ഉള്ളിലുള്ള സ്വാർത്ഥതയ്ക്കാണ്. ഈ സ്വാർത്ഥതയെ അവൻ വിശ്വാസമായും മതമായും ഭക്തിയായും സ്നേഹമായും മറ്റും അവതരിപ്പിക്കുന്നു. സ്വാർത്ഥതയെ പാലൂട്ടിവളർത്തുമ്പോൾ എങ്ങനെ കുടുംബത്തിലും വ്യക്തിയിലും ശാന്തി വളർത്തുവാൻ കഴിയും? എങ്ങനെ നമുക്ക് മനസ്സ് തുറന്ന് മന്ദഹസിക്കുവാൻ കഴിയും? ഇവിടെയാണ് ഗുരുവിന്റെ മനഃശുദ്ധിയെന്ന ഉപദേശത്തിന്റെ പ്രസക്തി നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നത്. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി ഗുരു മനുഷ്യനെ ചികിത്സിക്കുവാൻ ശ്രമിക്കുകയാണ്. മുൻവിധികളില്ലാതെ നമുക്ക് ഗുരുവിനെ ശ്രവിക്കുവാനും നമ്മുടെ മനസ്സിനെ നിരീക്ഷിക്കുവാനും ശ്രദ്ധിക്കുവാനും സാധിക്കണം. അപ്പോൾ സങ്കീർണ്ണമായ മനസ്സിന്റെ വികല്പങ്ങളെ തിരിച്ചറിയാൻ സാധിക്കും. അതിന് ക്ഷമയും തിതിക്ഷയും അത്യന്താപേക്ഷിതമാണ്. വെളിച്ചമില്ലാതെ നട്ടംതിരിയുന്ന മനുഷ്യർക്ക് പ്രകാശഗോപുരം തീർത്ത് ഗുരുകാത്തിരിക്കുന്നു. നമ്മൾ കണ്ണ് തുറന്ന് നോക്കിയാൽ മതി. ഞാൻ കണ്ണ് തുറക്കില്ല. പക്ഷേ, എനിക്ക് വെളിച്ചം വേണം എന്ന് ശഠിക്കുന്നവരെ എങ്ങനെ രക്ഷിക്കും? അവന് എങ്ങനെ സമൂഹത്തിന് മാതൃകയാകാൻ സാധിക്കും. ഇന്ന് സമൂഹത്തെ നയിക്കാൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും സ്വാർത്ഥതയാൽ അന്ധരായവരാണ് എന്ന് സൂക്ഷിച്ച് ശ്രദ്ധിച്ചാൽ മനസ്സിലാകും. കാമക്രോധലോഭമോഹമദമാത്സര്യാദികളെ തിരിച്ചറിഞ്ഞ് അതിവർത്തിക്കുവാൻ പ്രാപ്തമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി നമുക്ക് ഒരുമിക്കാം.

"സ്വല്പമപ്യസ്യ ധർമ്മസ്യ ത്രായതോ മഹതോഭവാത്' എന്ന് പറയുന്നതുപോലെ കുറച്ചെങ്കിലും പ്രവർത്തിക്കുവാൻ സാധിച്ചാൽ അത്രയും ഉന്നതി വരുത്താനാകും. സ്നേഹശൂന്യമായ, വറ്റിവരണ്ട, മനുഷ്യത്വമില്ലാത്ത ഈ സമൂഹത്തിൽ ആശാനാളമായി അവശേഷിക്കുന്നത് ഗുരുവിന്റെ ഈ മഹിതവാണികളാണ്. ഈ മഹിതവാണികളെ ലോകത്തിന് മുൻപിൽ വാരിവിതറാൻ ഈ അവസരം നമ്മൾക്ക് ഉപയോഗിക്കാം.
ദുഃഖഭൂയിഷ്ഠമായ ഈ സംസാരജീവിതത്തിൽ നിന്നും അക്കരെ പറ്റുന്നതിന് ഈ അറിവിന്റെ തോണിയിലേറി നമുക്ക് അഹങ്കാരരഹിതരായി തുറന്ന ഹൃദയവുമായി പോകാം ഗുരുവിന്റെ മഹിതസവിധത്തിലേക്ക്...
ആ ഋഷിവര്യന്റെ അനുഗ്രഹത്തിന് വേണ്ടി ശിവഗിരിയിലേക്ക്...

(തയ്യാറാക്കിയത് : സജി നായർ )