
എം.ആർ.ഒ സ്ഥാപനമായ എയർ വർക്ക്‌സിനെ ഏറ്റെടുക്കുന്നു
കൊച്ചി: വിമാനങ്ങളുടെ അറ്റകുറ്റപണിയും പരിപാലനവും പരിശോധനയും(എം.ആർ.ഒ) നിർവഹിക്കുന്ന പ്രമുഖ സ്ഥാപനമായ എയർ വർക്ക്സിനെ ഏറ്റെടുത്ത് വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പ് പ്രവർത്തനം വിപുലീകരിക്കുന്നു. നാനൂറ് കോടി രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഏവിയേഷൻ കമ്പനിയെ അദാനി ഡിഫൻസ് സിസ്‌റ്റംസ് ആൻഡ് ടെക്നോളജീസ് ഏറ്റെടുക്കുന്നത്. കൊച്ചി ഉൾപ്പെടെ 35 നഗരങ്ങളിലായി 1,300ൽ അധികം ജീവനക്കാർ പ്രവർത്തിക്കുന്ന എയർ വർക്ക്‌സിൽ 85 ശതമാനം ഓഹരികൾ ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകും. സിവിൽ, പ്രതിരോധ എം.ആർ.ഒ മേഖലയിലെ വലിയ ശക്തിയായി മാറാനും അവസരമൊരുങ്ങും.
വിമാനങ്ങളുടെ പരിപാലനവും ഹെവി ക്രാക്ക്സും പെയിന്റിഗും ഇന്റീരിയർ നവീകരണവും ഡെലിവറി പരിശോധനയും അടക്കമുള്ള പ്രവർത്തനങ്ങളാണ് എയർ വർക്ക്‌സ് നിർവഹിക്കുന്നത്. അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉൗന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദാനി എയർപോർട്ട്‌സ് ഡയറക്‌ടർ ജീത് അദാനി പറഞ്ഞു.