
ബറേലി: ഉത്തർപ്രദേശ് സംഭാലിലെ ചന്ദൗസി പട്ടണത്തിൽ 150 വർഷം പഴക്കമുള്ള തുരങ്കം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തി. പടിക്കെട്ടുകളുള്ള ഭൂഗർഭ തുരങ്കമാണ്. 400 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. റവന്യൂ രേഖരളിൽ കുളമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ലക്ഷ്മൺ ഗഞ്ചിൽ, ബങ്കെ ബിഹാരി ക്ഷേത്രത്തിനടുത്താണ് ഇവ കണ്ടെത്തിയത്. ബിലാരി രാജാവിന്റെ മുത്തച്ഛന്റെ കാലത്താണ് നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. മൂന്ന് നിലകളുള്ള തുരങ്കത്തിൽ രണ്ടെണ്ണം മാർബിൾ കൊണ്ട് നിർമ്മിച്ചതാണ്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച മുകളിലത്തെ നിലയിൽ ഒരു കിണറും നാല് അറകളും ഉൾപ്പെടുന്നു. 210 ചതുരശ്ര മീറ്ററിലെ മണ്ണ് നീക്കിക്കഴിഞ്ഞു. ബാക്കി ഭൂമി കൈയേറിയിരുക്കുകയാണെന്നും ഒഴുപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയപ്പോൾ ഭടന്മാർക്ക് രക്ഷപ്പെടാൻ വേണ്ടി നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഈ മേഖലയിൽ മറ്റു പല നിർമ്മിതികളും ആരാധനാലയങ്ങളും മണ്ണിനടിയിൽ കണ്ടെത്തിയിരുന്നു.