# മത്സര പ്രതീതി സൃഷ്ടിച്ച ചേരിതിരിവ്
# മൂന്നാമൂഴം കിട്ടാതെ ഗഗാറിൻ പുറത്ത്
തിരുവനന്തപുരം:സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത
ചേരിതിരിവും മത്സര പ്രതീതിയും. മൂന്നാമൂഴം പ്രതീക്ഷിച്ച പി.ഗഗാറിനെ അട്ടിമറിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് പുതിയ സെക്രട്ടറിയായി.പുതിയ ജില്ലാ കമ്മിറ്റിയിലെ 27ൽ 21 പേരും പിന്തുണച്ചതോടെ,വോട്ടെടുപ്പ് ഒഴിവാക്കി, യുവനേതാവായ റഫീഖിനെ നിശ്ചയിക്കുകയായിരുന്നു.37 കാരനായ റഫീഖ് നിലവിലെ ജില്ലാ സെക്രട്ടറിമാരിൽ ഏറ്റവും ജൂനിയറാണ്.
ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങളിൽ മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജാഗ്രത പുലർത്തുന്നതിനിടെയാണ് വയനാട് ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ മത്സര പ്രതീതി ഉളവായത് .കൊല്ലം,തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളിൽ നിലവിലെ സെക്രട്ടറിമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നടക്കാനിരിക്കുന്ന പതിനൊന്ന് ജില്ലാ സമ്മേളനങ്ങളിൽ വയനാട് മോഡൽ ആവർത്തിക്കപ്പെടുമോ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.
റഫീഖിന് തുണയായത്
കണ്ണൂർ നേതാക്കൾ
രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനം പൂർത്തിയായശേഷം ഞായറാഴ്ച രാത്രിയാണ് പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പട്ടിക തയാറാക്കിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി,എളമരം കരീം,പി.സതീദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി ഒ.ആർ.കേളു , സി.കെ,ശശീന്ദ്രൻ,കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ഇന്നലെ പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പട്ടിക സമ്മേളനത്തിൽ അവതരിച്ചു. പിന്നാലെ, സെക്രട്ടറി സ്ഥാനത്തേക്ക് ഗഗാറിനും കെ.റഫീഖും മത്സരത്തിന് തയാറായി. റഫീഖിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം,പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം ആരായുകയായിരുന്നു.ഭൂരിപക്ഷവും പിന്തുണച്ചതോടെ റഫീഖിന് നറുക്ക് വീണു.
.കണ്ണൂരിൽ നിന്നുള്ള നേതാക്കളുടെ ഇടപെടലാണ് നിർണായകമായത്. ജില്ലാ സമ്മേളനത്തിൽ ഗഗാറിനെതിരെ
കടുത്ത വിമർശനം ഉയർന്നിരുന്നു.മലബാറിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടയാൾ ജില്ലാ സെക്രട്ടറിയാവണമെന്ന നേതൃത്വത്തിന്റെ താത്പര്യവും റഫീഖിന് തുണയായതായി പറയുന്നു.
ജോയിയുടെ ശുദ്ധികലശത്തിന്
നേതൃത്വത്തിന്റെ പിന്തുണ
സി.പി.എം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ അടിഞ്ഞുകൂടിയ അഴിമതിക്കും
ക്രിമിനൽവൽക്കരണത്തിനും സ്വജനപക്ഷപാതത്തിനും അറുതി വരുത്താനുള്ള വി.ജോയി എം.എൽ.എയുടെ നീക്കങ്ങളെ സംസ്ഥാന നേതൃത്വം പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജോയി വീണ്ടും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന്
വിലയിരുത്തൽ. ബി.ജെ.പിയിലേക്ക് പോയ മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെപ്പോലുള്ളവർ
എങ്ങനെ ഈ സ്ഥാനത്ത് എത്തിയെന്ന ചോദ്യവും,അത്തരക്കാർ ഇനിയും ജില്ലയിലെ ഏരിയാ കമ്മിറ്റികളിൽ
ഉണ്ടാവാമെന്ന വിമർശനവും സമ്മേളന ചർച്ചയിൽ ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ
എസ്.എഫ്.ഐയുടെ ക്രിമിനൽ നടപടികളും വിമർശന വിധേയമായി .അത്തരക്കാരെ പാർട്ടി നിലയ്ക്ക്
നിറുത്തുമെന്നായിരുന്നു വി.ജോയിയുടെ മറുപടി.