
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ മികച്ച സിനിമയെന്ന് വിശേഷിപ്പിച്ചത് എന്തിനെന്ന് സംവിധായകൻ വിനയനോട് ചോദ്യം. ഫേസ്ബുക്കിൽ വിനയൻ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഒരാൾ കമന്റായി ചോദ്യം ഉന്നയിച്ചത്. അധികം വൈകാതെ തന്നെ വിനയൻ ചോദ്യത്തിന് മറുപടി നൽകുകയും ചെയ‌്തു.
''ആദരണീയ വിനയൻ സാർ,
മാർക്കോ എന്ന സിനിമയെ മികച്ച ഫിലിം എന്നു വിളിക്കുന്നതിന് താങ്കൾക്ക് എന്താണ് പ്രേരണയായത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു. വ്യക്തിപരമായി ഞാൻ എതും മലയാള സിനിമാ ചരിത്രത്തിൽ ഇത്ര കൂതറയായി തോന്നിയ സിനിമ കാണാത്തതാണ്.
ഈ ചിത്രത്തിന്റെ എന്തെങ്കിലും പ്രത്യേകതയോ കലാപരമായ മികവോ താങ്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് അറിയാൻ ഞാനും ഇതുപോലെ അഭിപ്രായമുള്ളവരും ആഗ്രഹിക്കുന്നു. താങ്കളുടെ വ്യക്തിപരമായ വിലയിരുത്തലും വിശദീകരണവും ഞങ്ങൾക്കായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആദരപൂർവം,
രാജീവ്''
ഇതായിരുന്നു കമന്റായി എത്തിയ ചോദ്യം. ഇതിന് വിനയൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു. ''ഒരു ചിത്രം വിജയിപ്പിച്ചെടുക്കുന്നതിൽ അതിലെ നായകൻ എന്ന നിലയിൽ ഉണ്ണി മുകുന്ദൻ കാണിക്കുന്ന അർപ്പണ ബോധവും ആത്മാർത്ഥതയും എത്രമാത്രം ഉണ്ടന്ന് മനസ്സിലായതു കൊണ്ട് അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കൊമേഴ്സ്യൽ ഹിറ്റാകുക എന്നതാണല്ലൊ ഇത്തരം സിനിമകളുടെ ആത്യന്തികമായ ഉദ്ദേശം''.
അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം എന്നായിരുന്നു വിനയൻ കഴിഞ്ഞ ദിവസം കുറിച്ചത്.
ഇന്ത്യൻ സിനിമയിൽ ഇതുവരെ വന്നിട്ടില്ലാത്ത അത്രയും ക്രൂരദൃശ്യങ്ങളുമായാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എത്തിയിട്ടുള്ളത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള മാർക്കോ കാണുന്നതിൽ നിന്ന് പല തിയേറ്ററുകളിലും കുട്ടികൾക്ക് വിലക്കുണ്ട്. മുതിർന്നവർ പോലും പല ദൃശ്യങ്ങളും എത്തുമ്പോൾ കണ്ണുപൊത്തുകയാണ്. നായകനെ വെല്ലുന്ന വില്ലന്മാർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.