
ന്യൂഡൽഹി : ഈ വർഷം രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയ മനു ഭാക്കറെ രാജ്യത്ത് കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ത് ഖേൽരത്ന പുരസ്കാരത്തിന് പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്. റിട്ടയേർഡ് സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് വി.രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള 12 അംഗ സെലക്ഷൻ കമ്മിറ്റി അവാർഡിനായി ശുപാർശ ചെയ്തവരുടെ പട്ടികയിൽ മനുവില്ല.
മനു അപേക്ഷിച്ചില്ലെന്ന്
അതേസമയം മനു ഭാക്കർ ഖേൽ രത്ന അവാർഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് സെലക്ഷൻ കമ്മിറ്റിയും കായിക മന്ത്രാലയവും നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയതാണെന്ന് മനുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ മനുവിന്റെ കുടുംബം പദ്‌മശ്രീക്കായാണ് അപേക്ഷിച്ചതെന്നാണ് വിവരം. മനുവോ മാതാപിതാക്കളോ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മനുവിനായി ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയും അപേക്ഷ നൽകിയിരുന്നില്ല. ഖേൽ രത്നയ്‌ക്കായി താരത്തിനോ അതാത് കായിക അസോസിയേഷനുകൾക്കോ ആണ് അപേക്ഷ നൽകാനാവുക. എന്നാൽ പ്രധാനമായും ഇത് കായിക താരത്തിന്റെ ചുമതലയാണെന്നാണ് ദേശീയ റൈഫിൾ അസോസിയേഷൻ പ്രസിഡന്റെ കാളികേഷ് നാരായൺ സിംഗ് ഡിയോ പറഞ്ഞു. എന്നാൽ മനുവിന്റെ പേര്കൂടി ഖേൽരത്ന ശുപാർശയ്ക്കുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കായിക മന്ത്രാലയത്തെ സമീപിച്ചെന്നും കാളികേഷ് പറഞ്ഞു.
അപേക്ഷിച്ചില്ലെങ്കിലും കൊടുക്കാം
അതേസമയം അപേക്ഷിച്ചില്ലെങ്കിലും പാരീസ് ഒളിമ്പിക്സിലെ മികച്ച പ്രകടനം പരിഗണച്ച് സെലക്ഷൻ കമ്മറ്റിയ്‌ക്ക് മനുവിന് ഖേൽരത്‌നയ്‌ക്ക് ശുപാർശ ചെയ്യാമായിരുന്നു. 2023ലെ ഏകദിന ലോകകപ്പിലുൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കഴിഞ്ഞ വർഷം അപേക്ഷിക്കാതെ തന്നെ അര്‍ജുന പുരസ്കാരം നൽകിയിരുന്നു. 22 കാരിയായ മനു പാരിസിൽ വനിതാ 10 മീറ്റര്‍ എയർ പിസ്റ്റൽ, 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇനങ്ങളിൽ വെങ്കല മെഡലുകൾ നേടിയിരുന്നു. ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടറെന്ന നേട്ടവും മനു സ്വന്തമാക്കിയിരുന്നു. 2020ൽ മനുവിന് അർജുന അവാർഡ് ലഭിച്ചിരുന്നു.
ഹർമ്മൻപ്രീതിനും പ്രവീണിനും ശുപാർശ
ഖേൽരത്ന പുരസ്കാരത്തിന് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കിടീമിനെ വെങ്കലത്തിലേക്ക് നയിച്ച നായകൻ ഹർമ്മൻപ്രീത് സിംഗിനും പരാലിമ്പിക്സിൽ ഏഷ്യൻ റെക്കാഡോടെ സ്വർണം നേടിയ ഹൈജമ്പ് താരം പ്രവീൺകുമാറിനും (ടി64 വിഭാഗം) ഖേൽരത്ന പുരസ്കാരത്തിന് സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്. 30 പേരെ അർജുന അവാർഡിനും ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 17പേർ പാരാ അത്‌ലറ്റുകളാണ്.