
മോസ്കോ : സിറിയൻ മുൻ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് റഷ്യ രംഗത്ത്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്‌കൊവ് പറഞ്ഞു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമത സേന അധികാരം പിടിച്ചെടുത്തതോടെ അസദ് രാജ്യം വിടുകയായിരുന്നു. നിലവിൽ കുടുംബവുമൊത്ത് റഷ്യയിൽ അഭയംതേടിയിരിക്കുകയാണ് അദ്ദേഹം.
അസദിന്റെ ഭാര്യ അസ്‌മ വിവാഹമോചനത്തിനായി മോസ്കോയിലെ കോടതിയിൽ അപേക്ഷ നൽകിയെന്നും യു.കെയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും തുർക്കിഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യം വിടാൻ കോടതിയിൽ അസ്‌മ പ്രത്യേക അനുമതി തേടിയെന്നും പറയുന്നു. റഷ്യൻ ഭരണകൂടം അസദിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും രാജ്യം വിടാൻ അനുവാദമില്ലെന്നും വാർത്ത പുറത്തുവന്നിരുന്നു.
സിറിയൻ മാതാപിതാക്കളുടെ മകളായി ലണ്ടനിൽ ജനിച്ചു വളർന്ന അസ്‌മയ്ക്ക് ബ്രിട്ടീഷ്, സിറിയൻ ഇരട്ട പൗരത്വമുണ്ട്. 2000ത്തിലാണ് അസ്‌മയും അസദും വിവാഹിതരായത്. ഹാഫിസ്, സെയ്‌ൻ, കരീം എന്നിവരാണ് മക്കൾ.