social-media

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നല്ല ഭക്ഷണം കഴിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്. അത്തരത്തില്‍ നമ്മുടെ നാട്ടില്‍ ഫാസ്റ്റ് ഫുഡ് ആയാലും നാടന്‍ ഭക്ഷണമായാലും ചില കോമ്പിനേഷനുകളുമുണ്ട്. കപ്പയും മീനും, പൊറോട്ടയും ബീഫും, തട്ട് ദോശയും ചമ്മന്തിയും, ഇഡ്‌ലി സാമ്പാര്‍ അങ്ങനെ നിരവധി ഹിറ്റ് കോമ്പിനേഷനുകളാണ് ഭക്ഷണപ്രിയര്‍ ആസ്വദിച്ച് കഴിക്കാറുള്ളത്.

ഇപ്പോഴിതാ ഒരു മലയാളി യുവതിയുടെ വ്യത്യസ്തമായ കോമ്പിനേഷനിലുള്ള 'ഭക്ഷണം' കഴിക്കലാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. പച്ച മത്തി മത്സ്യവും പൈനാപ്പിളും ആണ് വിചിത്രമായ കോമ്പിനേഷനില്‍ ഒന്നാമത്തേത്. പച്ച മത്തി മീന്‍ പൈനാപ്പിള്‍ ജാമിലേക്ക് മുക്കിയ ശേഷം ആസ്വദിച്ച് കഴിക്കുകയാണ് റിച്ചു എന്ന യുവതി. പൈനാപ്പിളും പച്ചമത്തിയും വലിയ സ്വാദാണെന്നാണ് റിച്ചു പറയുന്നത്. ഇത് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നാണ് യുവതി പറയുന്നത്.

പച്ച ഇറച്ചിയും ഐസ്‌ക്രീമും ഗ്ലൂക്കോസും ചേര്‍ന്നതാണ് രണ്ടാമത്തെ ഭക്ഷണം. പച്ച ഇറച്ചിയെ ഐസ്‌ക്രീമിലേക്ക് ഡിപ് ചെയ്ത ശേഷം അതിലേക്ക് ഗ്ലൂക്കോസ് പൊടി തൂകിയ ശേഷം ആസ്വദിച്ച് കഴിക്കുകയാണ് യുവതി. കോഴിയിറച്ചി ചവച്ചരച്ച ശേഷം പച്ച മാംസത്തില്‍ നിന്ന് എല്ല് മാത്രം കടിച്ച് വേര്‍പ്പെടുത്തിയെടുക്കുന്നതും കാണാം. ഈ കോമ്പിനേഷന്‍ ട്രൈ ചെയ്യുന്നതിനിടയില്‍ ഒരു ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ ആസ്വദിച്ചാണ് കഴിക്കുന്നത്.

ബിങ്കോ ചിപ്‌സ് യോഗര്‍ട്ടും തേനും ചേര്‍ത്ത് കഴിക്കുന്നതാണ് വീഡിയോയില്‍ യുവതി കാണിക്കുന്ന മൂന്നാമത്തെ കോമ്പിനേഷന്‍. മറ്റ് രണ്ട് കോമ്പിനേഷന്‍ പോലെ തന്നെ ഇതും ആസ്വദിച്ചാണ് യുവതി കഴിക്കുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് യുവതിയുടെ ഈ വീഡിയോക്ക് കീഴില്‍. വൈറലാകാന്‍ വേണ്ടി എന്തും കാണിക്കുന്നതിന്റെ ഭയാനക വെര്‍ഷനാണിതെന്നാണ് ഒരു കമന്റ്. ഭൂരിഭാഗം പേരും യുവതിയെ വിമര്‍ശിക്കുന്ന കമന്റുകളാണ് പങ്കുവയ്ക്കുന്നത്.