a

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം. തിങ്കളാഴ്ച രാവിലെ 10.44 നാണ് റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ലഖ്പത്തിന് 76 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ വസ്തു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കച്ചിൽ ഈ മാസത്തെ രണ്ടാമത്തെ ഭൂചലനമാണിത്. 7 ന് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.

നവംബർ 18ന് ഇവിടെ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നവംബർ 15 ന് വടക്കൻ ഗുജറാത്തിലെ പാടാനിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. 2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ വലുതും രണ്ടാമത്തെ വിനാശകരമായതുമാണെന്നാണ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പറയുന്നത്.