
മുംബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗൽ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗൽ അറിയിച്ചു.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ശ്യാം ബെനഗൽ. രാജ്യം ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്താരങ്ങളാണ് ശ്യാം ൂ ബെനഗൽ നേടിയത്. 1934 ഡിസംബർ 14ന് സെക്കന്തരാബാദിലെ ത്രിമൂൽഗരിയിലായിരുന്നും ശ്യാം ബെനഗൽ ജനിച്ചത്. പിതാവ് ശ്രീധർ ബി. ബെനഗൽ ഛായാഗ്രാഹകനായിരുന്നു. 1973ൽ റിലീസ് ചെയ്ത് അങ്കൂർ ആയിരുന്നു ആദ്യചിത്രം. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ശബാന ആസ്മി, അനന്ത് നാഗ് എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. ഇതിലെ അഭിനയത്തിന് ശബാന ആസ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ത് കാൻ ചലച്ചിത്രമേളയിൽ പാംഡിഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, 1976ൽ പദ്മശ്രീയും 1991ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു.
എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ ന്യൂ വേവ് എന്ന രീതിയിൽ പ്രശസ്തമായ ചലച്ചിത്ര പ്രസ്ഥാനത്തിന് ശ്യാം ബെനഗലിന്റെ ആദ്യ ചിത്രങ്ങൾ നൽകിയ പങ്ക് വലുതാണ്. അങ്കൂർ (1973), നിഷാന്ത് (1975), മന്തൻ (1976), ഭൂമിക (1977) എന്നിവയായിരുന്നു ആ ചിത്രങ്ങൾ.