shyam-bengal

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 6.30ന് മുംബയിലെ വോക്ക്ഹാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവാണ്.

അങ്കൂർ (1973), നിഷാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ഫീച്ചർ ചിത്രങ്ങളിലൂടെ നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായി മാറി. മികച്ച ഹിന്ദി ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ഏഴു തവണ ലഭിച്ചു. ഇന്ത്യൻ സമാന്തര സിനിമ ലോകത്തിന് അതുല്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും നിരൂപക പ്രശംസനേടി. സത്യജിത്ത് റേ,​ ജവഹർലാൽ നെ‌ഹ്‌റു എന്നിവരെ പറ്റിയുള്ള ഡോക്യുമെന്ററികൾക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

പദ്മശ്രീ, പദ്മ ഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005ലാണ് ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബെനഗലിനെ തേടിയെത്തിയത്.

1934ൽ ഹൈദരാബാദിൽ കൊങ്കണി സംസാരിക്കുന്ന ചിത്രാപ്പൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ബെനഗലിന്റെ ജനനം. പിതാവ് ശ്രീധർ ബി. ബെനഗൽ കർണാടക സ്വദേശിയായിരുന്നു. ഫോട്ടോഗ്രാഫറായ പിതാവാണ് സിനിമയിലെത്താൻ ബെനഗലിന് പ്രചോദനമായത്. 12 -ാം വയസിൽ പിതാവ് സമ്മാനിച്ച ക്യാമറ കൊണ്ട് ബെനഗൽ തന്റെ ആദ്യ ചിത്രമൊരുക്കി. ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

ഈ മാസം 14നായിരുന്നു അദ്ദേഹത്തിന്റെ 90 -ാം പിറന്നാൾ. ഭാര്യ നീര ബെനഗൽ. കോസ്‌റ്റ്യൂം ഡിസൈനറായ പിയ ബെനഗൽ മകളാണ്.