
ന്യൂഡല്‍ഹി: സമീപകാലത്തായി അയല്‍രാജ്യമായ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര നല്ലതല്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യം വിട്ട് ഇന്ത്യയിലേക്ക് ഷേയ്ഖ് ഹസീന കുടിയേറിയതും മാസങ്ങളായി ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുന്നതും ബംഗ്ലാദേശ് ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനിടെ ഇന്ത്യയെ പ്രകോപിക്കുന്ന ചില നീക്കങ്ങളും ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.
ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും അതിക്രമങ്ങളിലും ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പഴയതെല്ലാം മറന്ന്, പാകിസ്ഥാനുമായി കൂടുതല്‍ അടുത്ത്, ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ബംഗ്ലാദേശ്. പാകിസ്ഥാനുമായുള്ള വിസാ നടപടികള്‍ ലഘൂകരിച്ചുകൊണ്ടുള്ള ബംഗ്ലാദേശിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സര്‍വീസസ് ഡിവിഷനില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് നേടേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തീരുമാനം.
ബംഗ്ലാദേശിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 2019ല്‍ ഷേയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വിസ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തിയത്. ഹസീനയുടെ കാലത്ത് ബംഗ്ലാദേശിന്റെ അടുപ്പം ഇന്ത്യയുമായിട്ടായിരുന്നു. ഈസ്റ്റ് പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കപ്പെട്ടതില്‍ നിര്‍ണായക പങ്ക് ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. അതെല്ലാം മറന്നിട്ടാണ് ഇപ്പോള്‍ പാകിസ്ഥാനുമായി ബംഗ്ലാദേശ് അടുക്കുന്നത്.
പാക് പൗരന്‍മാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. വടക്ക്കിഴക്കന്‍ സംസ്ഥാനവും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ആശങ്ക പരസ്യമാക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ പ്രഖ്യാപനം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പുതിയ സുരക്ഷാ വെല്ലുവിളികള്‍ തീര്‍ക്കുകയാണ്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തീവ്രവാദ സംഘടനകള്‍ മേഖലയില്‍ കടന്നുകയറുമോയെന്ന് ഭയക്കേണ്ടതുണ്ട്.
പാക് ചാര സംഘടന ഐ.എസ്.ഐ, മേഖലയില്‍ സാന്നിദ്ധ്യമുറപ്പിച്ചോ എന്നത് പ്രധാനപ്പെട്ട ആശങ്കയാണ്. അതോടൊപ്പം തന്നെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള കലാപകാരികളുടെ സുരക്ഷിത താവളമായി ബംഗ്ലാദേശ് ഒരിക്കല്‍ക്കൂടി മാറുമോ എന്ന ആശങ്ക അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തേ പങ്കുവെച്ചിരുന്നു.