shyam-benegal

ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റിയ അതികായരിൽ ഒരാളാണ് ശ്യാം ബെനഗൽ . ഇന്ത്യൻ സിനിമാ ചരിത്ര പാഠങ്ങളിലെ ആദ്യ അദ്ധ്യായങ്ങളിൽ ബെനഗലിന്റെ അതുല്യ സംഭാവനകളും കാണാം. തനിക്ക് ചുറ്റുമുള്ള രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളെയാണ് ബെനഗൽ തന്റെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടിയത്. മുംബയ് ആസ്ഥാനമായുള്ള ലിന്റാസ് പരസ്യ ഏജൻസിയിൽ കോപ്പി റൈറ്റർ ആയാണ് ബെനഗൽ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്.

ഗുജറാത്തി ഭാഷയിലുള്ള 'ഘേർ ബേത ഗംഗ" (1962) എന്ന ആദ്യ ഡോക്യുമെന്ററി ഇറങ്ങി ഒരു ദശാബ്ദം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമയായ അങ്കൂർ പുറത്തിറങ്ങിയത്. അനന്ത് നാഗും ഷബാന ആസ്മിയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.

അതുവരെ പരസ്യ, ഡോക്യുമെന്ററി മേഖലയിൽ പ്രവർത്തിച്ചു. 1966 - 1973 കാലയളവിൽ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ പഠിപ്പിച്ചു. രണ്ട് തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായി. അസാധാരണ സാഹചര്യങ്ങളിൽ കുടുങ്ങിയ സാധാരണക്കാരുടെ ജീവിതം സൂഷ്മമായി പകർത്താൻ ബെനഗലിന് കഴിഞ്ഞു. ചരിത്രവും ജീവചരിത്രവും ചിത്രങ്ങളിൽ പ്രതിഫലിച്ചു.

ടെലിവിഷൻ മേഖലയിലും ബെനഗൽ തന്റെ പേരെഴുതിച്ചേർത്തു. ഡി.ഡി നാഷണലിൽ സംപ്രേക്ഷണം ചെയ്ത 'ഭാരത് ഏക് ഖോജ്" (1988) എന്ന പരമ്പര ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണ്. ജവഹർലാൽ നെഹ്‌റുവിന്റെ ' ഡിസ്കവറി ഒഫ് ഇന്ത്യ"യെ ആസ്പദമാക്കിയുള്ളതായിരുന്നു പരമ്പര. നേട്ടങ്ങൾക്കിടയിലും എളിമയോടെയുള്ള ജീവിതം നയിച്ച ബെനഗൽ 2006 - 2012 കാലയളവിൽ രാജ്യസഭാംഗം കൂടിയായിരുന്നു.

 കാനിൽ തിളങ്ങിയ മന്ഥൻ

ബെനഗലിന്റെ മികച്ച സൃഷ്ടികളിലൊന്നായ 'മന്ഥൻ" (1976) ഇക്കഴിഞ്ഞ മേയിൽ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ക്ലാസിക് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. റീസ്റ്റോർ ചെയ്ത 4കെ പതിപ്പാണ് പ്രദർശിപ്പിച്ചത്. ഇക്കൊല്ലം കാൻ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമായിരുന്നു ഇത്. ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് മന്ഥൻ.

ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീര വിപ്ലവത്തെയും അമൂലിന്റെ വിജയഗാഥയേയും ആസ്ഥപദമാക്കിയുള്ള ചിത്രം നിർമ്മിച്ചത് അമൂലിന്റെ ഭാഗമായ 5 ലക്ഷം ക്ഷീര കർഷകരിൽ നിന്ന് 2 രൂപ വീതം സമാഹരിച്ചാണ്. അന്തരിച്ച നടി സ്‌മിതാ പാട്ടിൽ, ഗിരീഷ് കർണാട്, നസീറുദ്ദീൻ ഷാ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മന്ഥൻ മികച്ച ഹിന്ദി ഫീച്ചർ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'മുജീബ്: ദ മേക്കിംഗ് ഒഫ് എ നേഷൻ" (2023) ആണ് അവസാന ചിത്രം.