d

മെൽബൺ: ക്രിസ്‌മസ് പിറ്റേന്ന് ആരംഭിക്കുന്ന ബോക്‌സിംഗ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന് പരിശീലനത്തിന് നൽകിയ പിച്ചിന് നിലവാരമില്ലെന്ന് ആരോപണം. നെറ്റ്‌സിൽ പരിശീലനത്തിനായ ഇന്ത്യൻ താരങ്ങൾക്ക് നൽകിയത് പഴയപിച്ചാണെന്നാണ് പരാതി. എന്നാൽ ഓസ്ട്രേലിയൻ താരങ്ങൾ പുതിയ പിച്ചിലാണ് പരിശീലക്കുന്നത്. ഇരുടീമും പരിശീലനം നടത്തുന്ന പിച്ചുകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

പിച്ചിന്റെ നിലവാരമില്ലായ്‌മയെ‌ക്കുറിച്ച് ഇന്ത്യൻ പേസർ ആകാശ് ദീപ് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയും ചെയ്‌‌തിരുന്നു. ഈ വിക്കറ്റുകൾ വൈറ്റ് ബോൾ ക്രിക്കറ്റിനു വേണ്ടിയുള്ളതാണെന്നു തോന്നുന്നു. ബൗൺസ് വളരെ കുറവാണ്. ബാറ്റർമാർ പന്ത് ലീവ് ചെയ്യുന്നതിനു നന്നായി ബുദ്ധിമുട്ടുന്നുണ്ട്. ആകാശ്ദീപ് പറഞ്ഞു.

ശനിയാഴ‌ചയും ഞായറാഴ്‌ചയും ഇന്ത്യൻ ടീം പരിശീലിച്ചത് ഈ പിച്ചുകളിലായിരുന്നു. ഇവിടെ പന്തു നേരിടുന്നതിനിടെ ഇന്ത്യൻ ക്യാപ്‌ടൻ രോഹിത് ശർമയ്ക്ക് കാലിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഓസല്ട്രേലിയ നല്ല ബൗൺസും പേസുമുള്ല പിച്ചിലാണ് പരിശീലിക്കുന്നത്.

ഇന്നലെ ഇന്ത്യയ്‌ക്ക് പരിശീലനമില്ലായിരുന്നു. ഇന്ന് മുതൽ ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയ പരിശീലനം നടത്തിയപോലുള്ള പിച്ചുകൾ പരിശീലനത്തിന് നൽകുമെന്ന് എം.സി.ജിയിലെ (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്) പിച്ച് ക്യൂറേറ്റ‌ർ മാറ്റ് പേജ് പറഞ്ഞു. മത്സരത്തിന് മൂന്ന് ദിവസം മുൻപാണ് ഇത്തരം പിച്ചുകൾ അനുവദിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശ്വിന് പകരം തനുഷ്,

ഷമിയെ പരിഗണിച്ചില്ല

ബോർഡർ ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഓഫ് സ്‌പിന്നർ ആർ. അശ്വിന് പകരം മുംബയ്‌യുടെ തനുഷ് കോട്യാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്ന മുംബയ് ടീം അംഗമായിരുന്ന തനുഷ് ഇന്ന് ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. ഓഫ് സ്‌പിന്നറായ തനുഷ്, അശ്വിനെപ്പോലെ ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിവുള്ള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 വിക്കറ്റുകളും രണ്ടു സെഞ്ചറികളും 13 അർദ്ധ സെഞ്ചറികളും 26 വയസുകാരനായ തനുഷ് നേടിയിട്ടുണ്ട്.

പൂർണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാൽ പേസർ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനിടെ ഷമിയുടെ കാലിന് വീണ്ടും പരിക്കേറ്റതായാണ് വിവരം.