
ഡമാസ്‌കസ്: സിറിയയിലെ സായുധ ഗ്രൂപ്പുകൾ പിരിച്ചുവിട്ട് ഒറ്റ സൈന്യമായി മാറുമെന്ന് വിമത തലവൻ അബു മുഹമ്മദ് അൽ ഗൊലാനി. തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഗൊലാനിയുടെ പ്രസ്താവന. കുർദ്ദിഷ് സേനകൾ കൈവശം വച്ചിരിക്കുന്നതടക്കം രാജ്യത്തെ എല്ലാ ആയുധങ്ങളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നും ഗൊലാനി പറഞ്ഞു.
ഈ മാസം 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഗൊലാനിയുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. വിമത നേതാവ് മുഹമ്മദ് അൽ ബാഷിർ പ്രധാനമന്ത്രിയായുള്ള താത്കാലിക സർക്കാരിനാണ് നിലവിൽ സിറിയയുടെ ചുമതല.