flight

അബുദാബി: ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വളരെകൂടുതലാണെന്ന പരാതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഇതിന് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നതാകട്ടെ മലയാളികളായ പ്രവാസികളാണ്. ഇപ്പോഴിതാ വര്‍ഷാവസാനത്തില്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ വിമാനക്കമ്പനികള്‍. വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷാവസാനത്തെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് ഓഫര്‍ പ്രഖ്യാപനം.

ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക സെക്ടറുകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് 30 ശതമാനം വരെ വില കുറച്ചാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഡിസംബറിലെ ആദ്യ രണ്ട് ആഴ്ചകളിലും വലിയ നിരക്കാണ് ടിക്കറ്റിന് ഇടയാക്കിയിരുന്നത്. മൂന്നു മാസം വരെ നീണ്ടു നില്‍ക്കുന്ന ഓഫറുകളാണ് ദുബായ് എയര്‍ലൈനായ ഫ്ളൈ ദുബായ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഡിസംബര്‍ 31 വരെ 30 ശതമാനം ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

മലേഷ്യയിലെ ലങ്കാവി, പെനാംഗ് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ഓഫര്‍. അലക്സാന്‍ഡ്രിയ, ബെല്‍ഗ്രേഡ്, ബുഡാപെസ്റ്റ്, ക്രാബി എന്നിവിടങ്ങളിലേക്കും ഫ്ളൈദുബൈ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഹോങ്കോംഗ് എയര്‍ലൈനായ കാത്തായ് പസഫികും പ്രത്യേക ഡിസംബര്‍ ഓഫറുമായി രംഗത്തുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് വണ്‍വേ ടിക്കറ്റിന് 400 ദിര്‍ഹത്തിന്റെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്.

വെറും 99 ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ അവതരിപ്പിച്ചാണ് അബുദാബി എയര്‍ലൈനായ വിസ് എയര്‍ സഞ്ചാരികളിലെ ആകര്‍ഷിക്കുന്നത്. അവധിക്കാലത്ത് വിവിധ ഏഷ്യന്‍ നഗരങ്ങളിലേക്ക് വിമാന കമ്പനികള്‍ ഓഫര്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ നഗരങ്ങളൊന്നും പട്ടികയില്‍ ഇല്ല. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്നത് മാത്രമല്ല മറിച്ച് കേരളത്തിലേക്ക് ഉള്‍പ്പെടെ ക്രിസ്മസ് അവധിക്ക് നിരവധി പ്രവാസികള്‍ മടങ്ങുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.