pic

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്കിൽ നിറുത്തിയിട്ടിരുന്ന സബ്‌വേ ട്രെയിനിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് തീകൊളുത്തി കൊന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പ്രതി സെബാസ്റ്റ്യൻ സാപെറ്റയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്ക് സ്ത്രീയെ മുൻപരിചയമില്ലെന്ന് പൊലീസ് പറയുന്നു. പ്രാദേശിക സമയം, ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന സ്ത്രീയുടെ അടുത്തെത്തിയ പ്രതി അവരുടെ വസ്ത്രത്തിൽ ലൈറ്റർ കൊണ്ട് തീകൊളുത്തി.

സ്ത്രീയുടെ ശരീരത്തിൽ തീ ആളിപ്പടരുന്നത് നോക്കിനിന്ന ഇയാൾ വൈകാതെ സബ്‌വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ പോയി ഇരുന്നു. ഇതിന് ശേഷമാണ് സ്ഥലംവിട്ടത്. ഓടിക്കൂടിയവർ തീകെടുത്തിയെങ്കിലും സ്ത്രീയെ രക്ഷിക്കാനായില്ല. പ്രതിയെ മറ്റൊരു സബ്‌വേ ട്രെയിനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്വാട്ടിമാല സ്വദേശിയായ സാപെറ്റ 2018ൽ യു.എസിൽ അനധികൃതമായി കടന്നിരുന്നു. തുടർന്ന് അധികൃതർ ഇയാളെ പിടികൂടി നാടുകടത്തി. പക്ഷേ, ഇയാൾ വീണ്ടും അനധികൃതമായി യു.എസിലേക്ക് കടക്കുകയായിരുന്നു.