pic

മോസ്‌കോ: 50,000 വർഷം പഴക്കമുള്ള മാമത്ത് കുഞ്ഞിന്റെ മൃതദേഹം പുറംലോകത്തിന് പരിചയപ്പെടുത്തി റഷ്യൻ ഗവേഷകർ. കഴിഞ്ഞ വേനൽകാലത്ത് സൈബീരിയയിലെ വിദൂര യാകൂറ്റിയ മേഖലയിലെ പെർമാഫ്രോസ്​റ്റിൽ നിന്നാണ് കുട്ടി മാമത്തിന്റെ ശരീരം കണ്ടെത്തിയത്. 'യാന" എന്നാണ് മാമത്തിന് നൽകിയിട്ടുള്ള പേര്. മഞ്ഞിൽ പൂർണ രൂപത്തിൽ സംരക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാമത്ത് മമ്മികളിലൊന്നാണിത്.

110 കിലോഗ്രാമിലേറെ ഭാരമുള്ള യാനയ്ക്ക് 4 അടി ഉയരവും 200 സെന്റീമീറ്റർ നീളവുമുണ്ട്. ഒരു വയസെത്തും മുന്നേ യാന ലോകത്ത് നിന്ന് വിടപറഞ്ഞെന്ന് കരുതുന്നു. യാനയെ പോലെ പൂർണ രൂപത്തിലുള്ള ആറ് മാമത്ത് മമ്മികളാണ് ഇതിന് മുമ്പ് കണ്ടെത്തിയത്. ഒരെണ്ണം കാനഡയിലും മറ്റുള്ളവ റഷ്യയിലും. ലോകത്തെ ഏറ്റവും വലിയ പെർമാഫ്രോസ്​റ്റായ ബതാഗെയ്‌ക ക്രേറ്ററിൽ തദ്ദേശീയരാണ് യാനയെ കണ്ടെത്തിയത്. തുടർന്ന് പഠനങ്ങൾക്കായി യാകുറ്റ്സ്‌കിലെ നോർത്ത്-ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റി.

രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്പുകളുമായി കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ ധ്രുവപ്രദേശങ്ങളിൽ ജീവിച്ചിരുന്നവയാണ് മാമത്തുകൾ. വംശനാശം സംഭവിച്ച ഇവയ്ക്ക് നാം ഇന്ന് കാണുന്ന ആനകളുമായി സാമ്യമുണ്ടെങ്കിലും ജനിതകപരമായി അത്രയും സാമ്യമില്ല.

ഭൗമോപരിതലത്തിന് താഴെ പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്ന മണ്ണാണ് പെർമാഫ്രോസ്റ്റ് എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ. പ്രാചീനയുഗത്തിൽ ജീവിച്ചിരുന്ന നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് സൈബീരിയൻ പെർമാഫ്രോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ മഞ്ഞുരുകുമ്പോൾ മൺമറഞ്ഞ ജീവികളുടെ ശരീരങ്ങൾ കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴി‌ഞ്ഞിട്ടുണ്ട്.