forest-department

തിരുവനന്തപുരം: വനനിയമ ഭേദഗതി തിരുത്താനുള്ള തീരുമാനവുമായി വനംവകുപ്പ്. എതിർപ്പുയർന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31ന് അവസാനിക്കുന്ന ഹിയറിംഗിനുശേഷം മാറ്റങ്ങൾ നടപ്പിലാക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിന് തയ്യാറായത്. വനനിയമ ഭേദഗതിയിൽ പ്രതിപക്ഷവും സഭാ നേതൃത്വവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു.

സംസ്ഥാനത്തെ വനനിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്ലിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്ക ഉയരുകയാണ്. വനം കുറ്റകൃത്യങ്ങൾക്കുള്ള പിഴയടക്കം പത്തിരട്ടിവരെ കൂട്ടാനുള്ള നിയമനിർമാണത്തിനാണ് തുടക്കമിടുന്നത്. ബില്ലിലെ ഭേദഗതി കരിനിയമമാണെന്ന ആക്ഷേപവുമുയർന്നിരുന്നു.

വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. വന്യമൃഗ ആക്രമണങ്ങളുണ്ടായാൽ ജനരോഷവും ശക്തമാകാറുണ്ട്. ഇതിന് തടയിടാനുള്ള നീക്കമായും ബില്ലിലെ ഭേദഗതിയെ മലയോര ജനത കാണുന്നു.

1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് പൊതുജന അഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അടുത്തമാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.