
ഒരൊറ്റ നോട്ടം. കാഞ്ചി വലിച്ച് ഇട്ടിയാനം.ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ളബ് എന്ന ചിത്രത്തിൽ ഇട്ടിയാനം എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയത്തിൽ വീണ്ടും ഇടം നേടി വാണി വിശ്വനാഥ്.ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ തിരികെ എത്തിയപ്പോഴും വാണി വിശ്വനാഥിനെ പ്രേക്ഷകർ സ്നേഹിക്കുന്നു.
ഇട്ടിയാനത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോൾ നടി എന്ന നിലയിൽ എന്താണ് റൈഫിൾ ക്ളബ്?
ഇട്ടിയാനത്തെ പ്രേക്ഷകർ ഏറ്റെടുത്തതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. ഒരുപാട് വിലസാനും ഡയലോഗ് പറയാനുമില്ലെങ്കിലും നന്നായി ചെയ്തു എന്നു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ആഷിഖ് അബുവിനും   ടീമിനും ഒപ്പം ആദ്യമാണ്. ദിലീഷ് പോത്തന്റെയും ആഷിഖ് അബുവിന്റെയും ഫാനാണ് ഞാൻ. ആഷിഖ് അബു വിളിച്ചപ്പോൾ കഥാപാത്രത്തെപ്പറ്റി ചോദിക്കേണ്ടി വന്നില്ല.കഥാപാത്രങ്ങൾ നടീനടൻമാർക്ക് നൽകുന്ന കാര്യത്തിൽ ഉസ്താദ് തന്നെയാണ് ആഷിഖ് അബു. എന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യേകത നിറഞ്ഞ സിനിമയാണ് റൈഫിൾ ക്ളബ്. എന്റേതായ അഭിനയം മാറ്റിവച്ച് കേട്ടഭിനയിക്കുക എന്ന ഇപ്പോഴത്തെ രീതിയാണ് സ്വീകരിച്ചത്.
അഞ്ചു ഭാഷയിൽ 125 സിനിമകളിൽ  അഭിനയിച്ചിട്ട് ലഭിക്കാത്ത സന്തോഷം റൈഫിൾ ക്ളബ് തന്നു. സിനിമയിൽ എനിക്ക് സുഹൃത്തുക്കൾ കുറവാണ്. മാറിനിന്നപ്പോൾ ആർച്ചയുടെയും അദ്രിയുടെയും കൂട്ടുകാരുടെ അമ്മമാരാണ് എന്റെ സുഹൃത്തുക്കൾ. സുരഭിയും ദർശനയും ഉണ്ണിമായയും പൊന്നമ്മ ചേച്ചിയും സുഹൃത്തുക്കളായി. പൊന്നമ്മ ചേച്ചി ദിവസവും വിളിക്കാറുണ്ട്. സൗഹൃദത്തെ മനോഹരമാക്കി തന്നു റൈഫിൾ ക്ളബ്. വിഷ്ണു അഗസ്ത്യയെ  പേര് വിളിക്കാതെ ഗോഡ് ജോ എന്നാണ് വിളിച്ചത്. എല്ലാവരും എന്നെ ഇട്ടി എന്ന് വിളിച്ചു.
അനുരാഗ് കശ്യപ്, ദിലീഷ് പോത്തൻ, ഹനുമാൻ കൈൻഡ് എന്നിവരോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം?
മൂന്നുപേരും അത്ഭുതപ്പെടുത്തി. അനുരാഗ് കശ്യപ് അഭിനയിച്ച തമിഴ് സിനിമകൾ കണ്ടിട്ടുണ്ട്. ദിലീഷ്പോത്തൻ പ്രതിഭാധനനായ സംവിധായകനും നടനും.ഇതുവരെ ഒരു സംവിധായകനോടും ഞാൻ ചാൻസ് ചോദിച്ചിട്ടില്ല . ദിലീഷ് പോത്തന്റെ സംവിധാനത്തിൽ അഭിനയിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ഹനുമാൻ കൈൻഡ് ലോക പ്രശസ്തനായ റാപ്പ് സിംഗറാണ് . ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു. ഇതിന്റെയെല്ലാം ഭാഗമാകാൻ എനിക്കുംസാധിച്ചു. ഒരുപാട് താരങ്ങൾ ചേർന്ന സിനിമ. നീലക്കുറിഞ്ഞി പൂക്കുംപോലെ എപ്പോഴെങ്കിലും സംഭവിക്കുന്ന സിനിമയാണ് റൈഫിൾ ക്ളബ്.
ആക്ഷൻ ഹീറോയിൻ എന്ന ഇമേജിന്റെ ഗുണവും ദോഷവും?
അന്ന് ആക്ഷൻ ചിത്രങ്ങൾ കൂടുതൽ ചെയ്തതിനാൽ ലഭിച്ച പേരാണ് . മലയാള സിനിമകൾ ചെയ്തപ്പോൾ ആ പേര് ലഭിച്ചതിൽ ഒരുപാട് സന്തോഷം.മികച്ച നായകൻമാരും നായികമാരും അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ചവച്ച് നിറഞ്ഞു നിൽക്കുമ്പോൾ ഇങ്ങനെയൊരു വിലാസം സ്വന്തമാക്കാൻ കഴിഞ്ഞതിലാണ് സന്തോഷം. ആ ഇമേജിലൂടെയാണ് എന്നെ ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നത്. അന്നത്തെ നായികമാരെപോലെ കണ്ണീർ കഥാപാത്രങ്ങൾ ചെയ്തിരുന്നതെങ്കിൽ ഇത്രേം സ്നേഹം ലഭിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ  ഇവരിൽ മികച്ച അഭിനയം കാഴ്ചവച്ച ഉർവശി, ശോഭന, രേവതി എന്നിവരെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു . എനിക്ക് വേണ്ടി പ്രേക്ഷകർ ഉഴിഞ്ഞുവച്ചതാണ് ആണത്തമുള്ള കഥാപാത്രങ്ങൾ. ദോഷം എന്ന് പറയുന്നത്  മോഹൻലാൽ എന്ന മഹാനടന്റെ  നായികയായി അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്നതാണ്.എന്നാൽ മറ്റു ഭാഷകളിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായതിനാൽ അത്ര വിഷമം തോന്നുന്നില്ല . സൗമ്യ പ്രകൃതക്കാരായ കഥാപാത്രങ്ങൾ ചെയ്തിരുന്നെങ്കിൽ ഞാനും ലാലേട്ടന്റെ നായികയാകുമായിരുന്നു. തുടക്കത്തിൽ തന്നെ മമ്മുക്കയുടെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ചെങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രം ലഭിച്ചില്ല.
സിനിമയിലെ പോലെ ജീവിതത്തിലും   റഫ് ആൻഡ് ടഫ് ആണെന്ന് കരുതുന്നവരുണ്ടോ ?
മറ്റുള്ളവർക്ക് തോന്നാം. എന്നാൽ ജീവിതത്തിൽ അങ്ങനെയല്ല. മകൾ ,സഹോദരി, അമ്മ, ഭാര്യ ഈ വേഷങ്ങളാണ് ജീവിതത്തിൽ. എല്ലാവരെയും പോലെ നിസഹായവസ്ഥയിലൂടെ കടന്നു പോകാറുണ്ട്. സിനിമയിൽ കാണുന്ന വാണി വിശ്വനാഥ് ജീവിതത്തിലില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തും സഹോദരന്റെയും സഹോദരിമാരുടെ അടുത്തും സംസാരിക്കുന്ന രീതിയിലെ വാണി വേറെയായിരിക്കും. ജീവിതത്തിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്നത് അമ്മ എന്ന നിലയിൽ മക്കളുടെ മുന്നിലായിരിക്കുമെന്ന് അറിയാം. പുതിയ ഡ്രസ് വാങ്ങാൻ പണം ചോദിച്ചായിരിക്കും അവരുടെ വരവ്. പ്രസവസമയത്ത് തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്ന രൂപമായിരിക്കും അപ്പോൾ മനസിൽ. അത് ഓർമ്മ വരുന്നതിനാൽ ഒന്നും പറയാൻ കഴിയില്ല. എന്നാൽ ചില നേരത്ത് റഫ് ആൻഡ് ടഫ് എടുക്കേണ്ടി വരാറുണ്ട്.
സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ?
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ മാത്രമല്ല സ്വാതന്ത്ര്യം. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാതെയിരിക്കുന്നതിലാണ് അവരുടെ സ്വാതന്ത്യമെന്ന്  വിശ്വസിക്കുന്നു. പുതുവർഷം സ്ത്രീകൾക്കും പുരുഷൻമാർക്കും സ്വാതന്ത്ര്യമായ വർഷമാകട്ടെഎന്ന് ആശംസിക്കുന്നു.
പുതുവർഷം നൽകുന്ന പ്രതീക്ഷ എന്ത് ?
സിനിമാജീവിതത്തിൽ റൈഫിൾ ക്ളബ് നൽകുന്നതാണ് പുതുവർഷ പ്രതീക്ഷ. ആദ്യ സിനിമ  മണ്ണുക്കൾ വൈരം റിലീസ് ചെയ്തത് 38 വർഷം മുൻപ് ഡിസംബറിൽ. എന്നാൽ റൈഫിൾ ക്ളബ് എന്റെ ആദ്യ സിനിമയായാണ് തോന്നുന്നത്.
1995ൽ മലയാളത്തിൽ മാന്നാർ മത്തായി സ്പീക്കിംഗിലൂടെ വന്നു 2025 ൽ എത്തി നിൽക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ട്.രണ്ടാം വരവിൽ ആദ്യം അഭിനയിച്ച ആസാദി ഉടൻ റിലീസ് ചെയ്യും. സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ്. ജീവിതത്തിൽ മക്കളുടെ കാര്യങ്ങൾ നിറവേറ്റാനുണ്ട് . അവർ വളർന്നതിനാൽ മുൻപത്തെ പോലെ ശ്രദ്ധിക്കേണ്ടതില്ല . എന്നാൽ അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുക എന്നതുണ്ട്. സിനിമയിൽ നിന്ന് മാറിനിന്ന വർഷങ്ങൾ ഇതുതന്നെയാണ് ചെയ്തത്.ഭാര്യ എന്ന നിലയിലും  കടമകളുണ്ട്.
ബാബുരാജിന്റെ നായികയായി സിനിമയിൽ എപ്പോഴായിരിക്കും?
അങ്ങനെ സംഭവിക്കാൻ ആഗ്രഹമുണ്ട്.എല്ലാം ഒത്തുവരണം. എന്നാൽ ബാബുവേട്ടൻ അഭിനയിച്ച സിനിമയിൽ നായികയായിട്ടുണ്ട്. എനിക്ക് ആക്ഷൻ സിനിമകളാണ് പ്രിയം. അത് ബാബുവേട്ടനും അറിയാം. ലിറ്റിൽ ഹാർട്സിൽ ബാബുവേട്ടന്റെ നായികയായി അഭിനയിക്കാൻ വിളിച്ചതാണ്. മനസിൽ ഇഷ്ടം നിറഞ്ഞത് അടിപിടി കഥാപാത്രമായതിനാൽ സ്നേഹത്തോടെ പിൻമാറി.