cricket

ഇന്ത്യ -ഓസ്ട്രേലിയ നലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ

മെൽബൺ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ലെന്ന തിരിച്ചറിവോടെ ഇന്ത്യ ക്രിസ്മസ് പിറ്റേന്ന് (ബോക്സിംഗ് ഡേ)ഓസ്ട്രേലിയയ്ക്ക് എതിരെ മെൽബണിൽ തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിനറങ്ങുന്നു. മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 1-1ന് സമനിലയിലുള്ള അഞ്ചുമത്സര പരമ്പര 3-1നെങ്കിലും വിജയിക്കുകയാണ് രോഹിത് ശർമ്മയുടേയും കൂട്ടരുടേയും ലക്ഷ്യം. ജനുവരി മൂന്നുമുതൽ സിഡ്നിയിലാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്.

പെർത്തിൽ നടന്ന ടെസ്റ്റിൽ വിജയിച്ച് മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പരമ്പര തുടങ്ങിയത്. എന്നാൽ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റായിരുന്നു ഇത്. ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിൽ മഴ സഹായിച്ചതുകാരണം ഇന്ത്യയ്ക്ക് സമനില ലഭിച്ചു. രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. അശ്വിന് പകരക്കാരനായി ടീമിലേക്ക് ഓഫ് സ്പിൻ ആൾറൗണ്ടർ തനുഷ് കോട്ടിയാനെ അയച്ചിട്ടുണ്ടെങ്കിലും കളിപ്പിക്കാൻ സാദ്ധ്യതയില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നർ/ ആൾറൗണ്ടർ പൊസഷനിൽ വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ എന്നിവരിലാർക്കെങ്കിലുമേ ഇനിയുള്ള ടെസ്റ്റുകളിൽ പ്ളേയിംഗ് ഇലവനിൽ സാദ്ധ്യതയുളളൂ.

മെൽബണിലെത്തിയ ഇന്ത്യൻ താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ നെറ്റ്സിൽ ദീർഘനേരം പരിശീലനത്തിന് ചെലവിട്ടിരുന്നു. നായകൻ രോഹിത് ശർമ്മയ്ക്ക് ഇന്നലെ നെറ്റ്സ് ബാറ്റ് ചെയ്യുന്നതിനിടെ കാൽമുട്ടിൽ നേരിയ പരിക്കേറ്റത് ആശങ്കയുണർത്തിയെങ്കിലും സാരമായ പരിക്കില്ലെന്ന് പിന്നീട് ടീം മാനേജ്മെന്റ് അറിയിച്ചു. പേസർ ആകാശ് ദീപ് സിംഗിന് നേരിയ പരിക്ക് ഭീഷണിയുണ്ട്.

രണ്ടും ജയിച്ചാൽ ഫൈനൽ

പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും. ഒരു ടെസ്റ്റ് ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്താൽ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയിൽ ഒരു ടെസ്റ്റ് എങ്കിലും പാകിസ്ഥാൻ ജയിച്ചാലേ ഇന്ത്യയ്ക്ക് ഫൈനലിലെത്താനാകൂ. പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര വിജയം നേ‌ടുകയും ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരെ പരമ്പര തോൽക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് കൂടുതൽ സൗകര്യപ്രദമാകും.

5.30 am മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.

ഹെഡിന് പരിക്ക് ഭീഷണി

ബ്രിസ്ബേൻ ടെസ്റ്റിൽ ബാറ്റിംഗിനിടെ നേരിയ പരിക്കേറ്റ ഓസ്ട്രേലിയൻ കുന്തമുനയായ ട്രാവിസ് ഹെഡ് നാളെ കളിക്കാനിറങ്ങുന്ന കാര്യത്തിൽ സംശയമുണ്ട്. ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമേ ഹെഡിനെ കളിപ്പിക്കൂവെന്ന് ഓസീസ് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് ശരിക്കും ഹെഡ്ഡേക്കായി മാറിയത് ട്രാവിസ് ഹെഡാണ്. മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്സ്കളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയുമടക്കം 409 റൺസാണ് ഇതിനകം ഹെഡ് നേടിയത്.

കോൺസ്റ്റാസ് അരങ്ങേറും

മെൽബണിൽ ഓസ്ട്രേലിയൻ ടീമിൽ 19കാരനായ ബാറ്റർ സാം കോൺസ്റ്റാസ് അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയ്ക്ക് എതിരെ നടന്ന സന്നാഹമത്സരത്തിൽ സെഞ്ച്വറിയടിച്ചിരുന്ന കോൺസ്റ്റാസ് ഈ മാസമാദ്യം ഇന്ത്യ എയ്ക്ക് എതിരെ മെൽബണിൽ 73 റൺസും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരമാകാൻ ഒരുങ്ങുകയാണ് സാം കോൺസ്റ്റാസ്.

2011ൽ ഇപ്പോഴത്തെ നായകൻ പാറ്റ് കമ്മിൻസ് അരങ്ങേറ്റം കുറിച്ച ശേഷം ഓസീസ് ടെസ്റ്റ് ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും കോൺസ്റ്റാസ്.

14

ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ മെൽബണിൽ ഓസ്ട്രേലിയയ്ക്ക് എതിരെ കളിച്ചിട്ടുള്ളത്. ഇതിൽ ഇന്ത്യ ജയിച്ചത് നാലെണ്ണത്തിലാണ്. ഓസ്ട്രേലിയ എട്ടെണ്ണത്തിലും. രണ്ട് കളികൾ സമനിലയിലായി.

2014ന് ശേഷം മെൽബണിൽ ബോക്സിംഗ് ഡേയിൽ നടന്ന മൂന്ന് ടെസ്റ്റുകളിലും ഇന്ത്യ തോറ്റിട്ടില്ല എന്ന റെക്കാഡാണ് രോഹിതിനും കൂട്ടർക്കും ആത്മവിശ്വാസം പകരുന്നത്.

2014ൽ ധോണിയുടെ ക്യാപ്ടൻസിക്ക് കീഴിൽ ഇന്ത്യ സമനില പിടിച്ചു.

2018ൽ വിരാട് കൊഹ്‌ലിക്ക് കീഴിൽ 137 റൺസിന്റെ വിജയം ആഘോഷിച്ചു.ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര വിജയത്തിന് അടിത്തറയിട്ടതും മെൽബണിലായിരുന്നു.

2020ൽ താത്കാലിക ക്യാപ്ടനായിരുന്ന അജിങ്ക്യ രഹാനെയ്ക്ക് കീഴിൽ എട്ടുവിക്കറ്റ് വിജയം ആഘോഷിച്ച് പരമ്പര നിലനിറുത്തി.