
മുംബയ്: തന്റെ മുതലാളിക്കൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്‌ട്രയിലെ കല്യാണിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവാവാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.
ഡിസംബർ 19നാണ് സംഭവം നടന്നത്. ഒരു പാർട്ടിക്കിടെയാണ് തന്റെ മുതലാളിയുമായി കിടക്ക പങ്കിടാൻ 45കാരൻ 28കാരിയായ ഭാര്യയോട് ആവശ്യപ്പെട്ടത്. യുവതി സമ്മതിക്കാതെ വന്നതോടെ അവരുടെ മാതാപിതാക്കളിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിവരാൻ ഇയാൾ ആവശ്യപ്പെട്ടു. ആദ്യ ഭാര്യയ്‌ക്ക് നൽകാനായാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. ഇതും യുവതി വിസമ്മതിച്ചതോടെ തൽക്ഷണം ഇയാൾ മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം വീട്ടിൽ നിന്നും പുറത്താക്കി.
ഈ വർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ആദ്യ കുറച്ച് മാസങ്ങൾ ഇവർ നല്ല സ്‌നേഹത്തിലായിരുന്നു. യുവാവ് പണം ആവശ്യപ്പെടാൻ തുടങ്ങിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപിരിയുമ്പോൾ നൽകാനായി 15 ലക്ഷം രൂപ വേണമെന്നും, ഇത് യുവതി മാതാപിതാക്കളിൽ നിന്നും വാങ്ങിവരണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
ഇതിനെച്ചൊല്ലി വഴക്കുണ്ടാവുന്നത് പതിവായിരുന്നു. മുത്തലാഖ് ചൊല്ലിയതോടെ യുവതി സംഭാജി നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി പൊലീസ് കേസെടുത്തു.
2019 മുതൽ മുത്തലാഖ് ക്രിമിനൽ കുറ്റമാണ്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 115(2), 351(2), 351(3), 352 എന്നീ വകുപ്പുകളും 2019ലെ മുസ്ലീം സ്‌ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.