
ആഗ്ര: ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ യുവാക്കളുമായി റോഡിലൂടെ അതിവേഗത്തിൽ പോകുന്ന ഒരു ട്രക്കിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ അടിയിൽ കുടുങ്ങിയ യുവാക്കൾ നിലവിളിക്കുന്നതും രക്ഷിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
ഞായറാഴ്ച രാത്രി ആഗ്ര ഹെെവേയിലാണ് അപകടം ഉണ്ടായത്. ഒരാൾ മുൻ ചക്രത്തിനിടയിലും മറ്റൊരാൾ ട്രക്കിന് അടിയിലുമാണ് കുടുങ്ങി കിടന്നത്. സക്കീർ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തിൽപ്പെട്ടത്. ആ സമയത്ത് അതുവഴി യാത്ര ചെയ്തവരാണ് ട്രക്ക് തടഞ്ഞ് യുവാക്കളെ രക്ഷിച്ചത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഭക്ഷണം കഴിച്ച് വീട്ടിലേക്ക് ബെെക്കിൽ മടങ്ങുകയായിരുന്ന സമയത്ത് ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വാഹനം ട്രക്കിൽ കുടുങ്ങിയെന്നും സക്കീർ പറഞ്ഞു. തങ്ങൾ വാഹനം നിർത്താൻ നിലവിളിച്ചിട്ടും ട്രക്ക് ഡ്രെെവർ നിർത്തിയില്ലെന്നും സക്കീർ വ്യക്തമാക്കി. ട്രക്ക് തടഞ്ഞ് നിർത്തിയ ജനങ്ങൾ ഡ്രെെവറെ മർദ്ദിക്കുന്നതും ചിലർ ചെരുപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. ട്രക്ക് ഡ്രെെവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവാക്കൾ ആശുപത്രിയിൽ ആണെന്നും ട്രക്ക് ഡ്രെെവറെ കൂടുതൽ ചോദ്യംചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതി ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിരുന്നുവോയെന്നത് അടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.