cpim

തിരുവനന്തപുരം: വിദ്യാർത്ഥിയെ എൻഎസ്എസ് ക്യാമ്പിൽ നിന്ന് രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. മകനെ കാണാനായി അച്ഛൻ ക്യാമ്പിൽ എത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കൂട്ടിക്കൊണ്ടുപോയതായി അറിയുന്നത്. സംഭവത്തിൽ ഏണിക്കര സ്വദേശി ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.

വൈകിട്ട് നാല് മണി മുതൽ ആറ് മണിവരെ ക്യാമ്പിൽ ചെന്ന് മകനെ കാണാനുള്ള അനുവാദം അധികൃതർ നൽകിയിരുന്നു. അങ്ങനെ ചെന്നപ്പോഴാണ് മകനെ അവിടെ നിന്നും വിളിച്ചുകൊണ്ടു പോയതായി അറിഞ്ഞതെന്ന് ഹരികുമാർ പ്രതികരിച്ചു. അയൽവാസിയായ വിഷ്‌ണു, മകനെ റെഡ് വളണ്ടിയർ മാർച്ചിന് വിടണം എന്നാവശ്യപ്പെട്ട് ഫോണിൽ വിളിച്ചിരുന്നു. എന്നാൽ എൻഎസ്എസ് ക്യാമ്പിലാണെന്നും നടക്കില്ലെന്നും അറിയിച്ചു. തുടർന്ന് ഇയാൾ വീട്ടിലെത്തി മറ്റൊരു കുട്ടിക്കാണെന്ന് പറഞ്ഞ് മകന്റെ യൂണിഫോം വാങ്ങിക്കൊണ്ട് പോവുകയും, പിന്നീട് ക്യാമ്പിലെത്തി കുട്ടിയെ കൂട്ടികൊണ്ട് പോവുകയുമായിരുന്നെന്ന് ഹരികുമാർ പറഞ്ഞു.

പോകുന്ന വഴിക്ക് കുട്ടിക്ക് ജ്യൂസും പാർട്ടി ഓഫീസിൽ കൊണ്ടിരുത്തി ഉച്ചയ‌്ക്ക് ബിരിയാണിയും വാങ്ങിക്കൊടുത്തതായി പിതാവ് പറയുന്നു. താൻ സിപിഎം അനുഭാവിയാണ്. എന്നാൽ സ്കൂൾ മുടക്കിയുള്ള പരിപാടിക്കില്ലെന്ന് പാർട്ടി പ്രവർത്തകരോട് മുമ്പേ അറിയിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായും, ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകുമെന്നും ഹരികുമാർ വ്യക്തമാക്കി.