crime

ലക്‌നൗ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാൾക്ക് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് 22കാരി ഇത്തരം ഒരു കടുംകെെ ചെയ്തത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ബിൽഡിംഗ് കോൺട്രാക്ടറായി ജോലി ചെയ്യുന്ന 24കാരനാണ് കാമുകൻ.

ഇരുവരും എട്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച യുവതി ഹോട്ടൽ റൂമിലേക്ക് യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു. യുവാവിനെ ആക്രമിച്ച ശേഷം ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.

യുവാവ് വിവാഹത്തിന് തയാറെടുക്കുന്ന കാര്യം കാമുകി അറിഞ്ഞു. അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.

ഉടൻ പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് നിലവിൽ മീററ്റിലെ ആശുപത്രിയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബെെൽ ഫോണുകൾ അടക്കം പൊലീസ് പരിശോധിക്കും. യുവതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. കാറിൽ വച്ചാണ് ആക്രണം നടന്നതെന്നാണ് യുവാവ് മൊഴി നൽകിയത്.