
ഏറെ നാളുകൾക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി അർച്ചന കവി. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്ററ്റി എന്ന ചിത്രത്തിലൂടെയാണ് അർച്ചന മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്. ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചിട്ട് പത്ത് വർഷമായെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അർച്ചന കുറിപ്പിൽ പറയുന്നു. തന്നെ ബാധിച്ച വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന പല പ്രശ്നങ്ങളെക്കുറിച്ചും അർച്ചന കുറിപ്പിൽ പറയുന്നു.
അർച്ചന സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
'ബിഗ് സ്‌ക്രീനിൽ എന്റെ മുഖം കണ്ടിട്ട് പത്ത് വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാകുന്നു. ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നു പോകമ്പോഴായിരുന്നു 'ഐഡന്റിറ്റി' എന്റെ ജീവിതത്തിലേക്ക് വന്നത്. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ മരുന്നുകൾ ക്രമരഹിതമായിരുന്നു. വിഷാദവുമായി ഞാൻ പോരാടുകയായിരുന്നു. ആ സമയത്താണ് അഖിൽ പോൾ എന്ന സംവിധായകൻ എത്തുന്നത്, പിന്നെ അദ്ദേഹം എന്റെ സുഹൃത്തായി. അദ്ദേഹം എന്റെ കൂടെ നിന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ എന്നോടൊപ്പം പ്രാർഥിച്ചു.
'ഞാൻ ഡോക്ടർമാരെ മാറ്റി. ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത്, എനിക്ക് രോഗത്തിന്റെ ഒരു സൂചന പോലും വന്നില്ല. ഞാനിപ്പോൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാൻ തയ്യാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രസവമുറിയിൽ ആശങ്കയോടെ നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയിലാണ് ഞാൻ. നിങ്ങൾക്ക് എന്നെയും എന്റെ സിനിമയെയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ ഞാൻ പുറത്തിരിക്കുകയാണ്. നീലത്താമരയ്ക്ക് ശേഷം എന്റെ സിനിമ കാണാൻ വേണ്ടി എന്റെ മാതാപിതാക്കൾ കേരളത്തിലേക്കു വരുന്നു. ഒരു പുനർജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു.'