
സിനിമാ കുടുംബത്തിൽ നിന്നുവന്നതുകൊണ്ടാണ് സുചിത്രയ‌്ക്ക് തന്നെ വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞതെന്ന് മോഹൻലാൽ. സുഹാസിനി മണിരത്നത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് മുമ്പ് സുചിത്രയുടെ അച്ഛൻ നൽകിയ ഉപദേശം എന്തായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ആദ്യ സംവിധാനചിത്രം ബറോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ് തുറന്നത്.
''നീ വിവാഹം കഴിക്കാൻ പോകുന്നത് ഒരു സിനിമാക്കാരനേയാണ്. നിന്റെ അമ്മ എന്നോട് എങ്ങനെ ആയിരുന്നുവോ അതുപോലെ വേണം നീയും ലാലിനോട് പെരുമാറാൻ. സുചി അവരുടെ അമ്മയെ പോലെ തന്നെയാണ്. ''- മോഹൻലാൽ പറയുന്നു.
1988ലായിരുന്നു മോഹൻലാലും നടനും തമിഴ് നിർമ്മാതാവുമായ കെ ബാലാജിയുടെ മകളുമായ സുചിത്രയും തമ്മിൽ വിവാഹിതരായത്. പൂർണമായും പ്രണയ വിവാഹം എന്ന് പറയാനാകില്ലെങ്കിലും സുചിത്രയ്ക്ക് മോഹൻലാലിനോട് തോന്നിയ ഇഷ്ടമാണ് വിവാഹത്തിൽ എത്തിയത്. നിർമ്മാതാവ് പിവി ഗംഗാധരനാണ് വിവാഹം നടക്കാൻ നിമിത്തമായത്.
നാളെയാണ് ബറോസ് റിലീസ് ചെയ്യുന്നത്. റിലീസിന് മൂന്നോടിയായി ചിത്രത്തിന്റെ പ്രിവ്യൂ ഇന്നലെ ചെന്നൈയിൽ നടന്നു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം എന്നിവർക്കൊപ്പം പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലുമൊക്കെ ചിത്രം കാണാൻ എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കിയത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ് സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.