a

'താക്കോൽ സ്ഥാനം' എന്ന പ്രയോഗത്തിന് മലയാളഭാഷയിൽ പുതുമയൊന്നും ഇല്ലെങ്കിലും കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ആ പ്രയോഗത്തിന് പവൻ വിലയാണ്. 'താക്കോൽ സ്ഥാനം' എന്ന പ്രയോഗം കേരള രാഷ്ട്രീയത്തിന് സംഭാവന നൽകിയത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ്. 2013 ൽ തിരുവനന്തപുരത്ത് നടന്ന എൻ.എസ്.എസിന്റെ ഒരു ചടങ്ങിലാണ് സുകുമാരൻ നായരുടെ ചരിത്രപ്രസിദ്ധമായ 'താക്കോൽ സ്ഥാന' പ്രസംഗം അരങ്ങേറിയത്. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റുമായിരുന്നു. യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ മന്ത്രിസഭാ പ്രവേശനത്തിന് രമേശിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് നൽകുന്നതിൽ എ ഗ്രൂപ്പുകാർ ഇടങ്കോലിട്ടതോടെ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് പ്രഖ്യാപിച്ചു. ആ ഘട്ടത്തിലായിരുന്നു ജി.സുകുമാരൻ നായരുടെ 'താക്കോൽ സ്ഥാന' പ്രസംഗം. എൻ.എസ്.എസുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന രമേശിന് മന്ത്രിസഭയിൽ താക്കോൽ സ്ഥാനം നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സുകുമാരൻ നായർ തുറന്നടിച്ചതോടെ യു.ഡി.എഫ് , കോൺഗ്രസ് നേതൃത്വങ്ങൾ അങ്കലാപ്പിലായി. കോൺഗ്രസ് രാഷ്ട്രീയത്തിൽ ജാതി, മത ചിന്തകൾക്കതീതനായി മതേതര പ്രതിച്ഛായയിൽ നിൽക്കാനാഗ്രഹിച്ച രമേശിനെ സുകുമാരൻ നായരുടെ പ്രസ്താവന വെട്ടിലാക്കി. എൻ.എസ്.എസുമായി നല്ല ബന്ധത്തിലായിരുന്നെങ്കിലും താൻ ഏതെങ്കിലും സമുദായത്തിന്റെ ആളായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലക്ക് പറയേണ്ടി വന്നു. സമുദായത്തിന്റെ ശുപാർശയിൽ മന്ത്രിയാകേണ്ടെന്ന് ആവർത്തിക്കുകയും ചെയ്തതോടെ രമേശും എൻ.എസ്.എസ് നേതൃത്വവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണു. തിരുവഞ്ചൂർ രാധാകൃഷ്ണനെ മാറ്റി രമേശിനെ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിയമിക്കാൻ ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വവും തയ്യാറായെങ്കിലും രമേശും എൻ.എസ്.എസും തമ്മിലുള്ള അകൽച്ച തുടർന്നു. ഡിസംബറിലെ മഞ്ഞിൽ ആ പിണക്കം ഉരുകുന്ന കാഴ്ചയാണിപ്പോൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചില ചർച്ചകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും തുടക്കമിട്ടിരിക്കുന്നത്. ജനുവരി 2 ന് ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് സംസ്ഥാന യു.ഡി.എഫ് രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനത്തേക്ക് ആരെന്ന ചർച്ചകൾ സജീവമായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 16 മാസങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും അന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിൽ പുതിയമന്ത്രിസഭയുടെ താക്കോൽ സ്ഥാനത്തേക്ക് രമേശിനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മഞ്ഞുരുകലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വി.ഡി സതീശനും രമേശും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശന് മുൻഗണന ലഭിച്ചേക്കാം. സതീശനെക്കാൾ സീനിയറും പ്രവർത്തന പാരമ്പര്യവും എല്ലാമുള്ള രമേശും മത്സരത്തിനുണ്ടാകുമെന്ന സന്ദേശം നൽകാനാണ് ഇപ്പോഴത്തെ ചടുലനീക്കങ്ങൾ. അതിനു മുന്നോടിയായി മത, സാമുദായ ശക്തികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇപ്പോഴത്തെ നീക്കത്തെ കാണാൻ. മന്നം ജയന്തി സമ്മേളനത്തിലേക്ക് രമേശിനെ ക്ഷണിച്ചതിനു പിന്നാലെ, മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തലക്കാണ് കൂടുതൽ അർഹതയും യോഗ്യതയുമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൂടി വന്നതോടെ പ്രബല സമുദായങ്ങളുടെ പിന്തുണ രമേശ് ഉറപ്പാക്കിക്കഴിഞ്ഞു. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമായും രമേശിന് നല്ല ബന്ധമാണുള്ളത്. വി.ഡി സതീശനെതിരെ തുടർച്ചയായി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകളോട് സതീശന്റെ പക്വതയോടെയുള്ള സമീപനവും ശ്രദ്ധയമാണ്. സതീശൻ അഹങ്കാരിയായ നേതാവാണെന്നും പക്വതയും മാന്യതയും ഇല്ലെന്നും സതീശനാണ് നേതൃത്വം നൽകുന്നതെങ്കിൽ 2026 ൽ യു.ഡി.എഫിന് അധികാരത്തിൽ മടങ്ങി വരാമെന്ന പ്രതീക്ഷ വേണ്ടെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. വെള്ളാപ്പള്ളിയുടെ വിമർശനത്തെ പോസിറ്റീവായാണ് കാണുന്നതെന്ന സതീശന്റെ പ്രസ്താവന വെള്ളാപ്പള്ളിയുടെ ചൂണ്ടയിൽ കൊത്തില്ലെന്ന സന്ദേശം നൽകാനാണ് സതീശൻ ആഗ്രഹിക്കുന്നതെന്ന് വേണം കരുതാൻ. കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും നിരന്തരം വിമ‌ർശിക്കുന്നയാളാണ് വെള്ളാപ്പള്ളി. സതീശൻ പ്രതിപപക്ഷ നേതാവായത് മുതലേ വെള്ളാപ്പള്ളിയുടെ നിലപാട് ഇതുതന്നെയാണ്. ആലപ്പുഴയിലെതടക്കം കോൺഗ്രസ് നേതൃത്വവുമായി കഴിഞ്ഞ കുറെക്കാലമായി വെള്ളാപ്പള്ളി നടേശൻ അകൽച്ചയിലാണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്ഥമാണ്. കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സുധാകരൻ യോഗ്യനാണെന്ന് വെള്ളാപ്പള്ളി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഇപ്പോൾ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ സമീപനത്തെ കോൺഗ്രസിലെ മറ്റു നേതാക്കളെല്ലാം ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. രമേശ് മുഖ്യമന്ത്രിയാകാൻ സർവഥ യോഗ്യനാണെന്ന കെ.സുധാകരന്റെ പ്രതികരണവും ശ്രദ്ധേയമാണ്. സതീശന് പക്വതയില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന കാടടച്ചുള്ള വെടിവയ്പല്ലെന്ന് സതീശന്റെ സമീപകാല നിലപാടുകൾ വ്യക്തമാക്കുന്നതാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയാഹ്ളാദം പ്രകടിപ്പിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ കെ.സുധാകരനും സതീശനും തമ്മിൽ മൈക്കിനായുള്ള വടംവലിയും തുടർന്ന് സതീശന്റെ പിണക്കവും ഉദാഹരണം. പത്രസമ്മേളനങ്ങളിൽ മാദ്ധ്യമപ്രവർത്തകരോടുള്ള സതീശന്റെ പെരുമാറ്റവും വിമർശന വിധേയമായതാണ്. ഏറ്റവുമൊടുവിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റി തന്റെ ഇഷ്ടക്കാരിൽ ഒരാളെ കൊണ്ടുവരാൻ നടത്തിയ ശ്രമവും ചില ഉദാഹരണങ്ങൾ മാത്രമാണ്.

താക്കോൽ സ്ഥാനത്തിനായി

കൂടുതൽ പേർ

പ്രതിപക്ഷ നേതാവും രമേശുമാണ് ഇപ്പോൾ താക്കോൽ സ്ഥാനത്തിനായുള്ള മത്സരം ആരംഭിച്ചിട്ടുള്ളതെങ്കിലും മറ്റു ചിലരും ഈ സ്ഥാനം ലക്ഷ്യമിട്ട് വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല. കോൺഗ്രസിലിപ്പോൾ പഴയ എ,ഐ ഗ്രൂപ്പുകളൊന്നും സജീവമല്ലെങ്കിലും ഒരു യുവ നേതൃനിരയെ വാർത്തെടുത്ത് കോൺഗ്രസിൽ പ്രത്യേക വിഭാഗമായി മാറാനുള്ള ശ്രമമാണ് വി.ഡി സതീശൻ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും സതീശനോട് വലിയ താത്പര്യമില്ലെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമായി മികച്ച ബന്ധത്തിൽ തുടരാനുള്ള ശ്രമമാണ് സതീശൻ നടത്തിക്കൊണ്ടിരിക്കുന്നത്. മാരാമൺ കൺവൻഷനിലേക്കുള്ള ക്ഷണവും ഇതിന്റെ ഭാഗമായാണ്. മുസ്ലിം വിഭാഗങ്ങളുമായി നല്ല ബന്ധത്തിലായിരുന്ന സതീശന് മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ ആദ്യം സ്വീകരിച്ച നിലപാടിൽ മുസ്ലിം വിഭാഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയതോടെ വഖഫ് വിഷയത്തിലുള്ള പ്രസ്താവയിൽ നിന്ന് പിന്നാക്കം പോയിരുന്നു. എൻ.എസ്.എസിനോടും എസ്.എൻ.ഡി.പിയുമായും അടുക്കാനുള്ള ശ്രമവും വരും ദിവസങ്ങളിൽ അദ്ദേഹം നടത്തുമെന്നാണ് കരുതുന്നത്. പ്രകോപിപ്പിക്കും വിധം തനിക്കെതിരായ വെള്ളാപ്പള്ളിയുടെ വിമർശനം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന സതീശന്റെ പ്രതികരണവും വർഗ്ഗീയതയെ എതിർക്കുന്ന സംഘടനയാണ് എൻ.എസ്.എസെന്ന പ്രസ്താവനയും ശ്രദ്ധേയമാണ്. സതീശനെയും രമേശിനെയും കൂടാതെ ശശി തരൂർ, കെ.സി വേണുഗോപാൽ എന്നിവരും അടുത്ത മുഖ്യമന്ത്രിസ്ഥാനം മോഹിക്കുന്നവരാണ്. നേരത്തെ എൻ.എസ്.എസ് ആസ്ഥാനത്തെ പരിപാടിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച ജി.സുകുമാരൻ നായർ അദ്ദേഹത്തെ താൻ മുമ്പ് ഡൽഹി നായരെന്ന് വിളിച്ചത് പിൻവലിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ശശി തരൂരുമായി കാര്യമായ ബന്ധം തുടരാൻ എൻ.എസ്.എസ് നേതൃത്വം താത്പര്യം കാട്ടിയില്ല. മുതിർന്ന കോൺഗ്രസ് നേതാവായ കെ.മുരളീധരനും താക്കോൽ സ്ഥാനത്തെത്താൻ തക്കം പാർത്ത് കഴിയുന്നതായി കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ പെട്ടയാളാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രിമാരാകാൻ കച്ചകെട്ടിയിരിക്കുന്നവർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരസ്പരം പോരടിക്കുന്ന ഘട്ടമെത്തിയാൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ കെ.സി വേണുഗോപാൽ രംഗപ്രവേശം നടത്താനുള്ള സാദ്ധ്യതയും കോൺഗ്രസുകാർ തള്ളിക്കളയുന്നില്ല. പ്രബലമായ ഗ്രൂപ്പുകളില്ലാത്ത കോൺഗ്രസിലിപ്പോൾ ചില നേതാക്കളെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളാണ് സജീവമാകുന്നത്. ചില യുവ നേതാക്കളെ ഒപ്പം നിറുത്തി പ്രത്യേക ഗ്രൂപ്പുണ്ടാക്കാൻ സതീശൻ നടത്തുന്ന നീക്കത്തിൽ പഴയ എ,ഐ ഗ്രൂപ്പുകൾ അസ്വസ്ഥരാണ്. രമേശിനെ മുന്നിൽ നിറുത്തിയുള്ള നീക്കത്തിന് ഇക്കൂട്ടരുടെ പിന്തുണയുണ്ടെന്നതിൽ സംശയമില്ല. ദിവസങ്ങൾ കഴിയും തോറും 'താക്കോൽ സ്ഥാന'ത്തെത്താനുള്ള പോരാട്ട ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ചടുലമായ പല നീക്കങ്ങൾക്കും വേദിയാകുമെന്നാണ് കരുതുന്നത്.