
ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടിയിൽ പൂർണ സ്വരാജിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. 1921-ൽ കോൺഗ്രസിന്റെ അലഹബാദ് സമ്മേളനത്തിലായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ആയ മൗലാന ഹസ്രത്ത് മൊഹാനിയാണ് അതിന് മുൻകൈയെടുത്തത്. അപക്വമെന്നു പറഞ്ഞ് മഹാത്മാഗാന്ധി പോലും ആ ആശയത്തെ അന്ന് നിരാകരിച്ചു. എട്ടു വർഷങ്ങൾക്കു ശേഷം 1929-ലെ ലാഹോർ സമ്മേളനം വരെ കോൺഗ്രസിനു കാത്തിരിക്കേണ്ടിവന്നു, പൂർണ സ്വരാജ് ലക്ഷ്യമായി പ്രഖ്യാപിക്കാൻ. പൂർണ സ്വരാജ് മുദ്രാവാക്യം ആദ്യമുയർത്തി ഒറ്റപ്പെട്ടുപോയ അതേ ഹസ്രത്ത് മൊഹാനിയാണ് 1925- ൽ കാൺപൂരിൽ നടന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ!
തൊഴിലാളികളും കർഷകരും അടക്കം എല്ലാ മർദ്ദിത ജനവിഭാഗങ്ങളുടെയും മോചനം കൂടി ചേരുന്നതാകണം സ്വാതന്ത്ര്യമെന്ന് കാൺപൂരിൽ സമ്മേളിച്ച കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ പഠിപ്പിച്ചു. മദ്രാസിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവും എ.ഐ.ടി.യു.സിയുടെ സംഘാടകനുമായിരുന്ന ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു ആ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനം കാൺപൂരിലെ ആ ഡിസംബർ തണുപ്പിലേക്ക് പൊടുന്നനെ പൊട്ടിവീണ ഒന്നായിരുന്നില്ല. ഇന്ത്യൻ സമൂഹത്തിന്റെ ചിന്താസരണികളെയാകെ സ്വാതന്ത്ര്യ ദാഹത്തിന്റെ ചൂടുകൊണ്ട് ത്രസിപ്പിക്കാൻ ഇറങ്ങിത്തിരിച്ച കുറേ മനുഷ്യരുടെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമായിരുന്നു അത്.
ഒരു കൊടുങ്കാറ്റ്
കളമൊരുക്കുന്നു
ഇന്ത്യയിലെ പല നഗരങ്ങളിലും താഷ്‌കന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ചെറു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനഫലമായിരുന്നു കാൺപൂർ സമ്മേളനം. ഒക്ടോബർ വിപ്ലവത്തിന്റെ വിജയം ലോകമാകെ വീശിയടിപ്പിച്ച പരിവർത്തന കൊടുങ്കാറ്റിന്റെ സ്വാധീനവും, രാജ്യത്തിനകത്ത് കൊടുമ്പിരിക്കൊണ്ട സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് കളമൊരുക്കി. തൊഴിലാളി വർഗത്തിന്റെ സമര സംഘടനയായ എ.ഐ.ടി.യു.സി 1920-ൽത്തന്നെ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. 1908-ൽ ലോകമാന്യ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്‌പ്പോൾ മുംബയിലെ തൊഴിലാളികൾ പണിമുടക്കി രംഗത്തിറങ്ങി. പണിമുടക്കു വാർത്തയറിഞ്ഞ സഖാവ് ലെനിൻ എഴുതി: 'ഇന്ത്യൻ തൊഴിലാളി വർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു."
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ദൂരവ്യാപകാർത്ഥം ആദ്യമറിഞ്ഞത് ബ്രിട്ടീഷ് കൊളോണിയലിസം തന്നെയായിരുന്നു. പാർട്ടിയെ മുളയിലേ നുള്ളുവാൻ കള്ളക്കേസുകൾ തുടർച്ചയായി കെട്ടിച്ചമച്ച് അവർ കമ്യൂണിസ്റ്റുകാർക്കെതിരെ രംഗത്തിറങ്ങി. പെഷവാർ, കാൺപൂർ, മീററ്റ് ഗൂഢാലോചന കേസുകളുടെ പരമ്പരയ്ക്കും, ഭരണവർഗ ഗൂഢാലോചനകൾക്കും, അവർ കെട്ടഴിച്ചുവിട്ട കൊടിയ മർദ്ദനങ്ങൾക്കും ഇല്ലാതാക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും തലപൊക്കില്ലായിരുന്നു. ആശയ വ്യക്തതയും ത്യാഗ സന്നദ്ധതയുമായിരുന്നു പാർട്ടിയുടെ കൈമുതൽ.
ആശയം ഭൗതികശക്തിയാകുന്നത് ജനങ്ങൾ അത് ഏറ്റെടുക്കുമ്പോഴാണെന്ന് കമ്മ്യൂണിസ്റ്റുകൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ലക്ഷ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളുടെയും സമരസംഘടനകളുണ്ടാക്കി സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന് ആക്കം കൂട്ടണമെന്ന് കമ്മ്യൂണിസ്റ്റുകാർ ചിന്തിച്ചു. അവരുടെ മുൻകൈയിലാണ് 1936-ൽ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനും (AISF) അഖിലേന്ത്യാ കിസാൻ സഭയും (AIKS) ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനും (IPTA) രൂപംകൊണ്ടത്. 1936-ൽ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും (PWA) 1959-ൽ അഖിലേന്ത്യാ യുവജന ഫെഡറേഷനും (AIYF) ഉരുവംകൊണ്ടതും കമ്മ്യൂണിസ്റ്റ് മുൻകൈയിൽ തന്നെയായിരുന്നു.
ചോരയിലെഴുതിയ
സമരേതിഹാസം
നാടിന്റെ വിമോചന ചരിത്രത്തിൽ സ്വന്തം ഹൃദയരക്തം കൊണ്ട് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ എഴുതിച്ചേർത്ത വീരേതിഹാസങ്ങളാണ് കയ്യൂർ, കരിവെള്ളൂർ, വയലാർ, പുന്നപ്ര, തെലങ്കാന, തേഭാഗ സമരം നടന്ന ബംഗാൾ ഇവയെല്ലാം. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിയുടെയും നെഹ്രുവിന്റെയും കോൺഗ്രസിന്റെയും പങ്കിനെ കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും നിരാകരിക്കില്ല. എന്നാൽ കോൺഗ്രസ് ഒറ്റയ്ക്ക് അഹിംസാ സമര മാർഗത്തിലൂടെ മാത്രം നേടിത്തന്നതാണ് സ്വാതന്ത്ര്യം എന്ന വാദഗതിയെ കമ്മ്യൂണിസ്റ്റുകാർ നിർവിശങ്കം തള്ളിക്കളയുന്നു.
സത്യഗ്രഹം മുതൽ സായുധ പോരാട്ടം വരെയുള്ള വിവിധങ്ങളായ സമരങ്ങളിലൂടെയാണ് ഇന്ത്യ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞത്. അതിൽ ഭഗത്സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിനെയും അവരുടെ പാത പിൻപറ്റിയ ഉത്പതിഷ്ണുക്കളുടെയും പങ്കിനെ കമ്മ്യൂണിസ്റ്റുകാർ മാനിക്കുന്നു. എന്നാൽ ആസേതുഹിമാചലം ആഞ്ഞടിച്ച സമരങ്ങളിൽ ഒരു കാണിയായിപ്പോലും എത്തിനോക്കാത്ത ഒരു രാഷ്ട്രീയധാര ഇന്ത്യയിലുണ്ട്. അത് ആർ.എസ്.എസ് നയിക്കുന്ന വിചാരധാരയാണ്. സാമ്രാജ്യത്വത്തെ കടപുഴക്കാൻ നടന്ന സമരങ്ങളെയെല്ലാം 'രാഷ്ട്രീയം" എന്ന് മുദ്രകുത്തി തങ്ങളുടെ സാംസ്‌കാരിക ദേശീയതയുടെ മാളത്തിലൊളിച്ചവരാണ് അവർ.
കമ്മ്യൂണിസ്റ്റ്
ഐക്യസ്വപ്നം
കടന്നുപോന്ന നൂറ് വർഷങ്ങളിലും കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കൊപ്പം നിന്നു. സ്വാതന്ത്ര്യപൂർവ ദിനങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അവരുടെ മേൽവിലാസം ഒന്നുതന്നെയായിരുന്നു- നാടിനും ജനങ്ങൾക്കും വേണ്ടി പോരാടുന്നവർ. പണിശാലയിലും പാടത്തും ക്യാമ്പസുകളിലും തെരുവുകളിലും കമ്മ്യൂണിസ്റ്റുകാർ ജനതാത്പര്യങ്ങളുടെ സമരഭടന്മാരായി. പാർലമെന്റിന് അകത്തും പുറത്തും അവർ മുഴക്കിയത് ജനങ്ങളുടെ ശബ്ദമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ വിജയങ്ങളും പരാജയങ്ങളും ഉൾച്ചേർന്നിരിക്കുന്നു. വിജയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഹങ്കരിച്ചിട്ടില്ല. പരാജയങ്ങളിൽ ആശയറ്റവരായി മാറിയിട്ടുമില്ല.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകാർ ഒറ്റപ്പെട്ടുപോയ കൽക്കട്ടാ തിസീസും ജനാധിപത്യവാദികളിൽ പാർട്ടിയെക്കുറിച്ച് വിമർശനം ഉളവാക്കിയ അടിയന്തരാവസ്ഥയും സി.പി.ഐ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ ശതവർഷം നീളുന്ന സമർപ്പിത രാഷ്ട്രീയ യാത്രയിൽ പാർട്ടി ചെയ്ത നൂറുനൂറ് ശരികൾക്കിടയിൽ സംഭവിച്ച ഇത്തരം തെറ്റുകൾ തിരുത്താൻ കാട്ടിയ ആർജ്ജവത്തിന്റെ പേരിലാവും ചരിത്രം സി.പി.ഐയെ വിലയിരുത്തുക. മറ്റെല്ലാ പാർട്ടികളും തെറ്റുകളെ വെള്ളപൂശാൻ ന്യായം തിരയുമ്പോൾ, സി.പി.ഐ മാത്രമാണ് സംഭവിച്ച തെറ്റുകൾ ജനങ്ങളോട് തുറന്നുപറയാനും തിരുത്താനും തന്റേടം കാട്ടിയത്. ആഗോളവൽക്കരണ കാലത്ത് മുതലാളിത്ത പ്രത്യയശാസ്ത്രം കടന്നാക്രമണത്തിന്റെ മൂർച്ച കൂട്ടുമ്പോൾ അതു ചെറുക്കാനുള്ള പ്രത്യയശാസ്ത്ര സമരത്തിന്റെ പ്രാധാന്യം സി.പി.ഐ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിന്റെ കൂടി വെളിച്ചത്തിലാണ് കമ്മ്യൂണിസ്റ്റ് ഐക്യത്തിനായുള്ള ആശയ രാഷ്ട്രീയ സമരത്തിന്റെ പ്രാധാന്യം സി.പി.ഐ ഉയർത്തിപ്പിടിക്കുന്നത്.