
ആദ്യ സിനിമയിൽ തന്നെ വില്ലനിസത്തിലൂടെ പ്രേക്ഷക മനസിൽ മാസ്എൻട്രി നടത്തി അഭിമന്യു എസ്. തിലകൻ. ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്ത 'മാർക്കോ"യിലെ യിലൂടെയാണ് അഭിമന്യുവിന്റെ അരങ്ങേറ്റം. റസൽ ടോണി ഐസക് എന്ന അക്രമാസക്തനും ക്രൂരനുമായ കഥാപാത്രത്തെയാണ് അഭിമന്യു അവതരിപ്പിച്ചത്.താരപുത്രന്മാർ അരങ്ങുവാഴുന്ന മലയാള സിനിമയിലേക്ക് ഒരാളെ കൂടി സംഭവന നൽകി എന്ന പ്രത്യേകതയും 'മാർക്കോ"യ്ക്ക് ഉണ്ട്. നടൻ ഷമ്മി തിലകന്റെ മകനും അഭിനയകുലപതിയായിരുന്ന തിലകന്റെ കൊച്ചുമകനുമായ അഭിമന്യു വിശേഷങ്ങൾ പങ്കിടുന്നു.
മുൻ പരിചയമില്ലാതെ
ഉണ്ണിച്ചേട്ടൻ ( ഉണ്ണി മുകുന്ദൻ ) ആണ് ആദ്യം വിളിച്ചത് . പിന്നെ ഹനീഫ് അദേനി സാറുമായി സംസാരിച്ചു. കഥാപാത്രത്തെ പറ്റി പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. വെറുതേ ഒരു വില്ലൻ എന്നതിനപ്പുറം മികച്ച കഥാപാത്രം ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം . റസൽ ടോണി ഐസക്കിലേക്ക്എത്തിച്ചേരാൻ നടത്തിയ യാത്ര മറക്കാനാവാത്തതാണ്. ഫെബ്രുവരി മുതൽ മൂന്നു മാസം ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് നടത്തി. ദിവസം രണ്ടു നേരം മുടങ്ങാതെ വർക്ക് ഔട്ട് ചെയ്തു. ആഹാരത്തിൽ നിയന്ത്രണം കൊണ്ടുവന്നു. അഭിനയത്തിലൂടെയും തയ്യാറെടുപ്പ് നടത്തി.
എല്ലാവരുടെയും പിന്തുണ
അച്ഛനും അച്ഛച്ഛനും ഒപ്പം ഷൂട്ടിന് പോയിട്ടുണ്ടെന്നല്ലാതെ അഭിനയ പരിചയം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്നിൽ നിന്നത് അല്പം ആശങ്കയോടെയാണ്. എന്നാൽ ഒപ്പം ഉണ്ടായിരുന്നവർ ഒരുപാട് പിന്തുണ നൽകി. വളരെ ത്രില്ലിൽ അഭിനയിക്കാൻ സാധിച്ചു. ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് പിന്നീട് തോന്നി. എന്നെ വിശ്വസിച്ച് അവസരം തന്നതിന് ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും നിർമ്മാതാവ് ഷെരീഫ് മുഹമ്മദിനും 'മാർക്കോ "ടീമിനും നന്ദി .
ഇവിടെ തന്നെ
കുട്ടിക്കാലം മുതൽ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നു. അച്ഛച്ഛനും അച്ഛനും അമ്മ ഉഷയും എന്നെ സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചവരാണ്. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി . പിന്നീട് വി .എഫ്.എക്സും ഫിലിം മേക്കിംഗും പഠിക്കാൻ പോയി .എന്നാൽ ഫിലിം മേക്കിംഗ് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ് തുടങ്ങി. ഇതിനിടെയാണ് 'മാർക്കോ"യിലേക്ക് വിളി . സിനിമയിൽ തുടരാനാണ് ആഗ്രഹം.