
ലക്നൗ: ക്രൂരമായ മർദ്ദനത്താലും അധിക്ഷേപത്താലും മനംനൊന്ത് ഉത്തർപ്രദേശിൽ ദളിത് യുവാവ് (17) ആത്മഹത്യ ചെയ്തു. ബസ്തിയിലാണ് സംഭവം. ഒരു ജന്മദിനാഘോഷത്തിനിടെ നാലുപേർ ചേർന്ന് യുവാവിനെ നഗ്നനാക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്‌തു. തുടർന്ന്
ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ 20ന് നടന്ന ജന്മദിന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടാണ് മകൻ പോയതെന്ന് യുവാവിന്റെ കുടുംബം പറയുന്നു. ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. മകനെ കൊണ്ട്
നിർബന്ധിച്ച് തുപ്പൽ നക്കിക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു.
മാനസികമായി തകർന്ന യുവാവ് മാതാപിതാക്കളോട് സംഭവം പറഞ്ഞു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ കുടുംബം അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികൃതർ ആദ്യം തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. തുടർന്ന് മൃതദേഹവുമായി ബസ്തി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് മാറ്റി.