d

ഇംഫാൽ: സംഘർഷം അയയാത്ത മണിപ്പൂരിൽ പൊട്ടിത്തെറിക്കാത്ത മൂന്നു റോക്കറ്റുകൾ ഉൾപ്പെടെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി.

ചുരാചന്ദ്പുർ ജില്ലയിലെ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെയാണ് സ്‌ഫോടക വസ്തുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. തെയ്ജാങ് ഗ്രാമത്തിൽ നടത്തിയ തെരച്ചിലിൽ മൂന്ന് നാടൻ റോക്കറ്റുകൾ, മാഗസിൻ ഉള്ള ഒരു 303 റൈഫിൾ, നാല് പിസ്റ്റളുകൾ, ആറ് നാടൻ ബോംബുകൾ, ലോ ഗ്രേഡ് 45 സ്റ്റിക്കുകൾ എന്നിവ പിടിച്ചെടുത്തു. ഇതേ ജില്ലയിലെ ലെസിയാങ് ഗ്രാമത്തിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ സുരക്ഷാസേന ഒമ്പത് ഐ.ഇ.ഡികളും ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു.

36 അസാം റൈഫിൾസിലെ ബോംബ് വിദഗ്ദ്ധരും ജില്ലാ പൊലീസും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കി. കഴിഞ്ഞ വർഷം മേയ് 3ന് മെയ്‌തി സമുദായത്തിൽ നിന്നുള്ള അജ്ഞാതരായ അക്രമികൾ ഗേറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് കുക്കി സമുദായം ആരോപിച്ചിരുന്നു. പിന്നാലെ ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർത്തിനു വഴിയൊരുക്കുകയായിരുന്നു.