a

ടെൽ അവീവ്: ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായിരുന്ന ഇസ്മയിൽ ഹനിയെയെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ.

ജൂലായിൽ ഇറാനിലെ ടെഹ്‌റാനിൽ വച്ചാണ് ഹനിയയെ വധിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് സ്ഥിരീകരിച്ചു.

യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു സ്ഥിരീകരണം. ഹൂതികൾക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്ന് കാറ്റ്സ് അറിയിച്ചു.
ഹനിയെ കൊല്ലപ്പെട്ട് മാസങ്ങൾക്കു ശേഷമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുക്കുന്നത്.

കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രതികരിക്കാൻ ഇസ്രയേൽ തയ്യാറായിരുന്നില്ല.

ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും തങ്ങളാണെന്ന് കാറ്റ്‌സ് വെളിപ്പെടുത്തി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതും ഇസ്രയേലാണ്.

ടെഹ്റാൻ, ഗാസ, ലബനൻ എന്നിവിടങ്ങളിൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ, ഉന്നത നേതാവ് യഹ്യ സിൻവർ, ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റള്ള എന്നിവരോട് ചെയ്തതിനു സമാനമായി അൽ ഹുദൈദ്, സന എന്നിവിടങ്ങളിലും നടപടി സ്വീകരിക്കും.

കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ശ്കി​യാ​ന്റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കാനെത്തിയപ്പോഴായിരുന്നു ഹനിയെ കൊല്ലപ്പെട്ടത്.

മാസങ്ങൾക്കുശേഷം ഒക്‌ടോബറിൽ ഗസയിലെ ഇസ്രയേൽ സൈന്യം ഹനിയയുടെ പിൻഗാമിയും 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിനേയും കൊലപ്പെടുത്തി. ബെയ്‌റൂത്തിൽവെച്ച് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയേയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.