
ജയ്പൂർ: രാജസ്ഥാനിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം.
ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്) സംഘങ്ങൾ സ്ഥലത്തുണ്ട്.
തിങ്കളാഴ്ചയാണ് ചേതന എന്ന മൂന്ന് വയസുകാരി പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. 150 അടയോളം താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്. കുട്ടിയുടെ ചലനങ്ങൾ രക്ഷാപ്രവർത്തകർ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴി ഓക്സിജൻ നൽകിവരുന്നു. സമീപത്ത് കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഈർപ്പമുള്ള മണ്ണായതിനാൽ പ്രതിസന്ധിയായതോടെ ഉപേക്ഷിച്ചു,
രണ്ടാഴ്‌ചയ്ക്കിടെ രണ്ടാം സംഭവം
രാജസ്ഥാനിലെ ദൗസ ജില്ലയിൽ അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണ് മരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭവം. ദൗസ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണാണ് ആര്യൻ എന്ന കുട്ടി മരിച്ചത്. 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ആഴ്ച രാജസ്ഥാൻ സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.
'തുറന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുഴികളിലും കുഴൽക്കിണറുകളിലും കുട്ടികൾ വീഴുന്ന ദാരുണ സംഭവങ്ങൾ വർദ്ധിക്കുന്നു.
അപകടങ്ങൾ തടയാൻ സുപ്രീംകോടതിയും കേന്ദ്രവും പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അധികാരികൾ പാലിക്കുന്നില്ലെന്ന് തോന്നുന്നു.
പ്രത്യക്ഷമായ ഈ അശ്രദ്ധ ഉത്തരവാദിത്വമില്ലായ്മയും അവഗണനയ്ക്ക് തുല്യമാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനത്തിന് തുല്യമാണ്'- കമ്മിഷൻ പ്രസ്താവനയിൽ പറയുന്നു.
ഓപ്പറേഷനിൽ പുരോഗതിയുണ്ട്. കുഴൽക്കിണറിൽ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാൻ എൻ.ഡി.ആർ.എഫ് ശ്രമിക്കുന്നു.
- ബ്രജേഷ് ചൗധരി
സബ് ഡിവിഷൻ മജിസ്‌ട്രേറ്റ്