railway

പാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് യാത്രാ ക്ലേശം പരിഹരിക്കാന്‍ മലയാളികള്‍ നിരവധിയായി താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേയുടെ സ്‌പെഷ്യല്‍ സര്‍വീസുകളുണ്ട്. നിരവധി യാത്രക്കാര്‍ക്കാണ് ഇത് ഗുണകരമാകുന്നത്. വലിയ എണ്ണത്തില്‍ കേരളത്തിന് പുറത്ത് മലയാളികള്‍ താമസിക്കുന്ന ബംഗളൂരുവില്‍ നിന്നുള്ള ഒരു ട്രെയിനിന്റെ സമയമാറ്റമാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നത്. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് പത്ത് ദിവസത്തേക്ക് ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തിയത്.

ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍ വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പാലക്കാടുമായി അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂര്‍ വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനിനെ നിരവധി മലയാളികള്‍ ഉപയോഗിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലുള്ള യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ നാട്ടിലേക്ക് എത്താന്‍ കഴിയുന്ന ഒരു ട്രെയിനാണ് ബംഗളൂരു - കോയമ്പത്തൂര്‍ വന്ദേഭാരത്. ഡിസംബര്‍ (23,24,25,27,28,31) ജനുവരി (1,4,5,6) തീയതികളിലാണ് സമയത്തില്‍ മാറ്റം.

ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടുമെന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ഹൊസൂര്‍ റൂട്ടില്‍ റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 14:20 ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 8.25 ന് കോയമ്പത്തൂര്‍ ജംഗ്ഷനില്‍ എത്തും. എസി ചെയര്‍ കാറിന് 1175 രൂപ, എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2110 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 377 കിലോമീറ്റര്‍ ദൂരം 6 മണിക്കൂര്‍ 25 മിനിറ്റിലാണ് പൂര്‍ത്തിയാക്കുന്നത്.