
മുംബയ്: അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ളയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിനുള്ള ചികിത്സ ആരംഭിച്ചതായി അറിയിച്ച താനെയിലെ ആശുപത്രി അധികൃതർ ഒരു മാസമെങ്കിലും താരത്തിന് ആശുപത്രി വാസം നിർദ്ദേശിച്ചു. ശനിയാഴ്ച രാത്രിയാണ് താരം ആശുപത്രിയിലായത്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന കാംബ്ളി പിന്നീട് മോശം ഫോമും വഴിവിട്ട ജീവിത ശൈലിയും കാരണം അനാരോഗ്യവാനായി മാറുകയായിരുന്നു.സാമ്പത്തികമായും തകർന്ന കാംബ്ളി ഇപ്പോഴത്തെ ചികിത്സയ്ക്കും ധനസഹായം തേടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ബി.സി.സി.ഐ മുൻ താരങ്ങൾക്ക് നൽകുന്ന പെൻഷൻ കൊണ്ടാണ് ജീവിക്കുന്നതെന്ന് അടുത്തിടെ കാംബ്ളി പറഞ്ഞിരുന്നു.
അടുത്തിടെ മുംബയ് ശിവജി പാർക്കിൽ തങ്ങളുടെ ഗുരുവായ രമാകാന്ത് അച്‌രേക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ കാംബ്ലിയും സച്ചിനും പങ്കെടുത്തിരുന്നു. അന്ന് സച്ചിനെ ചേർത്ത് പിടിക്കുന്ന കാംബ്ളിയുടെ വീഡിയോ വൈറലായിരുന്നു. 2013ൽ രണ്ടുതവണ കാംബ്ളി ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനായി സച്ചിൻ സാമ്പത്തികസഹായം നൽകുകയും ചെയ്തിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റിലും 104 ഏകദിനങ്ങളിലും കളിച്ച താരമാണ് കാംബ്ളി.