
ഇസ്താംബൂൾ: വടക്ക്-പടിഞ്ഞാറൻ തുർക്കിയിലെ വെടിമരുന്ന്, യുദ്ധോപകരണ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർക്ക് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരതരമല്ലെന്ന് പ്രാദേശിക ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു പറഞ്ഞു. ബാലികേസർ പ്രവശ്യയിലെ കവാക്ലി ഗ്രാമത്തിലെ ഫാക്ടറിയിലാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. സ്ഫോടന കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും ആഭ്യന്തര മന്ത്രി അലി യെർലികായ മാദ്ധ്യമങ്ങളോട് പറഞ്ഞു. അട്ടിമറി സാധ്യത അധികൃതർ തള്ളിക്കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. യുദ്ധോപകരണങ്ങളും സ്ഫോടക വസ്തുക്കളും ആഭ്യന്തര, അന്തർദേശീയ വിപണികളിലേക്കുള്ള ബോംബുകളുമാണ് ഇവിടെ നിർമ്മിക്കുന്നത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. തുടർ സ്ഫോടനം ഒഴുവാക്കാൻ സുരക്ഷാ സേന നടപടികൾ സ്വീകരിച്ചതായും സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും പ്രദേശത്തുനിന്ന് മാറ്റിയതായി അധികൃതർ അറിയിച്ചു. ഡ്രോണുകൾ അടക്കം തുർക്കിയയെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് റജബ്. 2020ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പടക്കനിർമ്മാണ ഫോക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023ൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന യുദ്ധോപകരണ നിർമ്മാണ ഫോക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുരുന്നു.