d

ഭോപ്പാൽ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 100ാം ജന്മവാർഷിക ദിനമായ ഇന്ന് മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ

വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കെൻബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. വാജ്‌പേയിയുടെ നദീജല സംയോജന ക്യാമ്പയിനെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയിൽ കെൻബെത്വ ലിങ്ക് പദ്ധതിക്ക് തറക്കല്ലിടും.

കേന്ദ്ര സർക്കാരും മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണിത്. കെൻ നദിയിലെ അധിക ജലം
ദൗധൻ അണക്കെട്ടിൽ നിന്ന് 221 കിലോമീറ്റർ ദൈർഘ്യമുള്ള ലിങ്ക് കനാൽ വഴി ബെത്വ നദിയിലേക്ക് മറ്റും. ഇരുസംസ്ഥാനങ്ങളിലെയും കർഷകർക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഈ ജലം ലഭിക്കും. പദ്ധതി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വളർച്ച ബാധിത മേഖലയായ ബുന്ദേൽഖണ്ഡിലെ ഭൂഗർഭ ജലത്തിന്റെ അളവിലും മാറ്റം വരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.