
ന്യൂഡൽഹി : രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന ശുപാർശപ്പട്ടികയിൽ നിന്ന് പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡൽ ജേതാവ് മനു ഭാക്കറിനെ ഒഴിവാക്കിയ വിവാദത്തിൽ വഴിത്തിരിവായി താരത്തിന്റെ പ്രസ്താവന. അവാർഡിനായി അപേക്ഷിക്കുന്നതിൽ തനിക്ക് ചില പിഴവുകൾ സംഭവിച്ചതായി സമ്മതിക്കുന്നു എന്നാണ് മനു ഇന്നലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാജ്യത്തിനുവേണ്ടി മെഡലുകൾ നേടുന്നതാണ് തന്റെ ലക്ഷ്യമെന്നും അവാർഡുകൾ നേടുന്നതല്ലെന്നും മനു എക്സിൽ കുറിച്ചു. അതേസമയം റിട്ടയേഡ്ജ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി മനുവിന്റെ പേര് ശുപാർശപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര കായികമന്ത്രാലയം പ്രത്യേക അധികാരം ഉപയോഗിച്ച് മനുവിനെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.
സെലക്ഷൻ കമ്മിറ്റി നിലപാട്
തങ്ങൾക്ക് മുന്നിൽവന്ന അപേക്ഷകളിൽ നിന്ന് അർഹരായവരെയാണ് പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. മനുവിന്റെ അപേക്ഷ മുന്നിൽവന്നിട്ടില്ല. അതിനാൽ നിയമപ്രകാരം അവരുടെ പേര് ശുപാർശ ചെയ്യാൻ കഴിയില്ല.
മനുവിന്റെ പിതാവിന്റെ നിലപാട്
ഖേൽരത്നയ്ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. മനുവിനെ പ്രോത്സാഹിപ്പിച്ച് സ്പോർട്സിലേക്ക് ഇറക്കിവിട്ടതാണ് തങ്ങൾ ചെയ്ത തെറ്റ്.
മുൻ കായികതാരങ്ങളുടെ നിലപാട്
മനുവിന്റെ നേട്ടം ചരിത്രപ്രാധാന്യമുള്ളതാണ്. ഇതുവരെ ഒരേ ഒളിമ്പിക്സിൽ ഇന്ത്യൻതാരങ്ങളാരും രണ്ട് മെഡലുകൾ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അപേക്ഷിച്ചില്ലെങ്കിൽ പോലും ഖേൽരത്ന നൽകി മനുവിനെ അംഗീകരിക്കണം.
മനുവിന്റെ നിലപാട‌്
രാജ്യത്തിനുവേണ്ടി മെഡലുകൾ നേടുന്നതാണ് തന്റെ ലക്ഷ്യം; അവാർഡുകൾ നേടുന്നതല്ല. ഖേൽ രത്നയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിൽ ചില പിഴവുകൾ സംഭവിച്ചെന്ന് സമ്മതിക്കുന്നു.
മനുവിന്റെ നേട്ടം
പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗിൽ രണ്ട് വെങ്കല മെഡലുകൾ. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലുമായിരുന്നു മെഡലുകൾ. മിക്സഡിൽ സരബ്ജോത് സിംഗായിരുന്നു പങ്കാളി.
ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യ വനിതയും. 2012 ലണ്ടൻ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിംഗിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു മനുവിന്റേത്.
2018 കോമൺവെൽത്ത് ഗെയിംസിലും ഷൂട്ടിംഗ് ലോകകപ്പിലും സ്വർണജേതാവായിരുന്നു മനു . 2018ൽ ലോകകപ്പ് സ്വർണം. 2020ൽ അർജുനഅവാർഡും ലഭിച്ചിരുന്നു.