 അപകടം കാശ്മീരിലെ പൂഞ്ചിൽ

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനം 300 അടി താഴ്ചയിൽ കൊക്കയിലേക്ക് തെന്നി മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. 10 പേർക്ക് സാരമായി പരിക്കേറ്റു. 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്നലെ വൈകിട്ട് 5.40ന് പൂഞ്ച് ജില്ലയിലെ ബൽനോയ് ഖോര മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു അപകടം. 11 മറാത്ത ലൈറ്റ് ഇൻഫെൻട്രിയിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പതിവ് നിരീക്ഷണത്തിനിറങ്ങിയതായിരുന്നു സൈനിക സംഘം.

മഞ്ഞുമൂടിയ റോഡിൽ തെന്നിയതാണ് അപകട കാരണമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. അപകട വിവരമറിഞ്ഞയുടൻ ആർമിയുടെ ദ്രുതകർമ്മ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. ജമ്മു കാശ്മീർ പൊലീസും ഒപ്പം ചേർന്നു. പരിക്കേറ്റവരെ അടുത്തുള്ള മിലിട്ടറി ക്യാമ്പിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. മ‌ൃതശരീരങ്ങളും മിലിട്ടറി ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ മാസം രജൗരി ജില്ലയിൽ വാഹനം തെന്നി മലയിടുക്കിൽ വീണ് ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

തണുത്തുറഞ്ഞ് കാശ്മീർ

കാശ്മീരിൽ ഇനി ഒന്നര മാസത്തോളം അതിശൈത്യകാലമാണ്. ചില്ലായ് കലാൻ എന്നാണ് ഈ ദിനങ്ങളെ അറിയപ്പെടുന്നത്. മൈനസ് 8.5 ഡിഗ്രിയാണ് ശ്രീനഗറിൽ ഇന്നലത്തെ താപനില. ഇത് മൈനസ് 12.8 ഡിഗ്രിവരെ എത്തിയിട്ടുണ്ട്.