p

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ എൻ.ഡി.എ 2025 (നാഷണൽ ഡിഫെൻസ് അക്കാഡമി) പരീക്ഷയുടെ നോട്ടിഫിക്കേഷൻ പുറത്തിറക്കി. പ്ലസ് ടു വിദ്യാർത്ഥികൾക്ക് 2024 ഡിസംബർ 31 വരെ www.upsc.gov.in ലൂടെ അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ് ബ്രാഞ്ചുകളിലേക്കുള്ള ഓഫീസർ തലത്തിലേക്ക് പരിശീലനം ലഭിക്കുന്ന സെലക്ഷൻ പ്രക്രിയയാണിത്. പരീക്ഷയ്ക്ക് രണ്ടു ഘട്ട അപേക്ഷാ ഘട്ടങ്ങളുണ്ട്.ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ 13 നും, രണ്ടാം ഘട്ടം സെപ്തംബറിലുമാണ് .

പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടിക വിഭാഗത്തിൽ പെട്ടവർ എന്നിവർക്ക് അപേക്ഷ ഫീസില്ല. അപേക്ഷിക്കുമ്പോൾ ആദ്യം രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പാർട്ട് ഒന്നും,രണ്ടും പൂർത്തിയാക്കണം. ഈ വർഷം 208 ആർമി, 42 നേവി, 92 എയർ ഫോഴ്സ് ഒഴിവുകളുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നേവിയിലെ 36 സീറ്റുകളിലേക്ക് ആൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

അപേക്ഷകരുടെ പ്രായം 16.5 നും 19.5 വയസ്സിനും ഇടയിലായിരിക്കണം. 2006 ജൂലായ് രണ്ടിനും, 2009 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ആർമിയിലേക്കു ഏതു പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നേവി,എയർഫോഴ്‌സ് എന്നിവയിലേക്ക് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ചിരിക്കണം. ആർമി, നേവി എന്നിവയിലേക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും, എയർഫോഴ്‌സിലേക്ക് 162.5 സെന്റിമീറ്ററും ഉയരം വേണം. എഴുത്തു പരീക്ഷ, എസ്.എസ്.ബി ബോർഡ് ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൻ.ഡി.എ പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതമുള്ള മാത്തമാറ്റിക്സ് , ജനറൽ എബിലിറ്റി ടെസ്റ്റുകളുണ്ട്.ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്.മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും, സിലബസും വിലയിരുത്തി പഠിക്കണം. ഇവയടങ്ങിയ ടെക്സ്റ്റ് ബുക്കുകൾ വിപണിയിൽ ലഭിക്കും.ഇതിനായി നിരവധി ഓൺലൈൻ/ഓഫ് ലൈൻ കോച്ചിംഗ് കേന്ദ്രങ്ങളുമുണ്ട്.

തിരഞ്ഞെടുക്കുന്നവർക്ക് പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ മൂന്ന് വർഷത്തെ പരിശീലന മുണ്ടാകും.പരിശീലനത്തോടൊപ്പം ജെ.എൻ.യു(ബി.എ, ബി.എസ് സി, ബി.ടെക്) ബിരുദവും നേടാം.തുടർന്ന് ആർമി, നേവി, എയർഫോഴ്‌സ്‌ എന്നിവയ്‌ക്കനുസരിച്ച് ഒരുവർഷത്തെ അഡ്വാൻസ്ഡ് പരിശീലനം ലഭിക്കും.ഏഴിമല നേവൽ അക്കാഡമിയിൽ നാലുവർഷത്തെ പരിശീലനത്തോടൊപ്പം ബി.ടെക് ബിരുദവും നേടാം. www.upsc.gov.in