football

അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിഴ്നാടുമായി 1-1ന് സമനില

ക്വാർട്ടർ ഫൈനലിൽ എതിരാളികൾ ജമ്മു കാശ്മീർ

ഹൈദരാബാദ്: ഗ്രൂപ്പ് റൗണ്ടിലെ ഒരു മത്സരത്തിൽ ഒരു തോൽക്കാതെ പോയിന്റ് പട്ടികയിലെ ഒന്നാമനമാരായി കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിട്നാടുമായി 1-1ന് സമനിലയിൽ പിരിഞ്ഞ കേരളം അഞ്ചു മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായാണ് ഗ്രൂപ്പ് ബിയിൽ ഒന്നാമന്മാരായത്. 27ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് എയിലെ നാലാം സ്ഥാനക്കാരായ ജമ്മുകാശ്മീരാണ് കേരളത്തിന്റെ എതിരാളികൾ.

നായകന്മാരാണ് ഇന്നലെ ഇരുടീമുകൾക്കും വേണ്ടി ഗോളുകൾ നേടിയത്. 25–ാം മിനിട്ടിൽ റൊമാരിയോ യേശുരാജിലൂടെ തമിഴ്നാട് മുന്നിലെത്തിയപ്പോൾ 89–ാം മിനിട്ടിൽ നിജോ ഗിൽബർട്ടിലൂടെ കേരളം സമനില പിടിച്ചു. മൂന്ന് കളികൾ പിന്നിട്ടപ്പോൾ തന്നെ ക്വാർട്ടർ ഉറപ്പിച്ച കേരളം അവസാന മത്സരത്തിൽ മുൻനിരതാരങ്ങളായ മുഹമ്മദ് അജ്സൽ, നസീബ് റഹ്മാൻ, നിജോ ഗിൽബർട്ട്, മനോജ്, ഹജ്മൽ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. തമിഴ്നാട് സ്കോർ ചെയ്തതോടെ നസീബും നിജോയും കളത്തിലിറങ്ങി. നസീബിന്റെ ക്രോസിൽ നിന്നായിരുന്നു നിജോയുടെ ഗോൾ.

ഗ്രൂപ്പ് റൗണ്ടിലെ കേരളത്തിന്റെ കളി

1. ആദ്യ മത്സരത്തിൽ ഗോവയ്ക്കെതിരെ 4-3ന് ജയം

2. രണ്ടാം മത്സരത്തിൽ 1-0ത്തിന് മേഘാലയയെ വീഴ്ത്തി.

3. ഒഡിഷയെ തുരത്തിയത് മറുപ‌ടിയില്ലാത്ത രണ്ടു ഗോളിന്

4. ഡൽഹിക്കെതിരെ എതിരില്ലാത്ത മൂന്നുഗോൾ ജയം

5. തമിട്നാടുമായി 1-1ന് സമനില

ക്വാർട്ടർ ഫൈനൽ

കേരളം Vs ജമ്മുകാശ്മീർ

ഡിസംബർ 27 2.30 pm